ആനച്ചമയങ്ങളുടെ പ്രദർശനം
വൈക്കം: മഹാദേവക്ഷേത്രത്തിൽ അഷ്ടമിയുടെ ഭാഗമായി 9ന് ആനച്ചമയങ്ങളുടെ പ്രദർശനം നടക്കും. രാവിലെ 8.30 ന് ആരംഭിക്കും. ഡെപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് സി.എസ്. പ്രവീൺ കുമാർ ദീപ പ്രകാശനം നടത്തും. അഷ്ടമിക്ക് ആവശ്യമായ തലേക്കെട്ട്, ആലവട്ടം, വെൺചാമരം, വർണ്ണക്കുടകൾ, കച്ചക്കയർ, കണ്ഠമണി, അരമണി, പാദസ്വരം എന്നിവയാണ് പ്രധാനമായും പ്രദർശനത്തിലുണ്ടാവുക. പ്രദർശനം കിഴക്കേ ആനപ്പന്തലിലാണ് നടക്കുന്നത്. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക് ഉപയോഗിക്കുന്നത്.
ഗജപൂജ
പ്രത്യക്ഷ ഗണപതിയെ സങ്കല്പ്പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ 9ന് രാവിലെ 8ന് ഗജപൂജ നടക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
ആനയൂട്ട്
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയോടനുബന്ധിച്ചുള്ള ആനയൂട്ട് ഒൻപതാം ഉത്സവ ദിവസമായ 9ന് വൈകിട്ട് 4ന് നടക്കും. കിഴക്കേ ആനപ്പന്തലിനോട് ചേർന്ന് നടക്കുന്ന ആനയൂട്ടിൽ 11 ഗജവീരന്മാർ പങ്കെടുക്കും. ചോറ്, കരിപ്പെട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ള്, കരിമ്പ്, ശർക്കര, തണ്ണിമത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കുന്നത്.