|
Loading Weather...
Follow Us:
BREAKING

ഐതീഹ്യപ്പെരുമയിൽ ആചാരനിറവിൽ അഷ്ടമി വിളക്ക്

ഐതീഹ്യപ്പെരുമയിൽ ആചാരനിറവിൽ അഷ്ടമി വിളക്ക്
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് അഷ്ടമിവിളക്കിനായി ഉദയനാപുരത്തപ്പൻ വൈക്കം വലിയകവലയിലെ അലങ്കാര ഗോപുരത്തിലെത്തിയപ്പോൾ


ആർ. സുരേഷ്ബാബു

വൈക്കം: ഭക്ത മനസ്സുകളിൽ അനുഭൂതികളുടെ അതിവർഷമായി ദേവസംഗമം. താന്ത്രിക വിധികളിൽ മുറതെറ്റാത്ത കണിശത പുലർത്തുമ്പോഴും മനുഷ്യഗന്ധിയായ ജീവിതമുഹൂർത്തങ്ങൾ സമന്വയിക്കുന്നതാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ. അഷ്ടമി നാൾ രാത്രിയിലെ വിളക്ക് അതിന്റെ നേർക്കാഴ്ചയാണ്.രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആർഭാടപൂർണമായ ചടങ്ങുകൾക്ക് തുടക്കമായി. താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയും മകനുമായ ഉദയനാപുരത്തപ്പനെ അച്ഛനായ വൈക്കത്തപ്പൻ സ്വീകരിക്കുന്നതാണ് അഷ്ടമിവിളക്കിന് പിന്നിലെ ഐതീഹ്യം. ദേശാധിപതിയായ മഹാദേവരുടെ സന്നിധിയിൽ നടക്കുന്ന പിതൃപുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളിൽ നിന്നുളള ദേവീദേവന്മാരുമെത്തി. കൂട്ടുമ്മേൽ ഭഗവതിയോടൊപ്പം എഴുന്നളളിയെത്തുന്ന ദേവസേനാപതിയെ വലിയകവല മുതൽ വടക്കേഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പവൃഷ്ടിയോടെയാണ് ഭക്തജനങ്ങൾ എതിരേറ്റത്. ഈ സമയം വൈക്കത്തപ്പൻ പുത്രന്റെ വരവുംകാത്ത് വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ നിലയുറപ്പിച്ചിരുന്നു.

അഷ്ടമി വിളക്കിനായി വൈക്കത്തപ്പൻ ശ്രീകോവിലിൽ നിന്ന് കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളുന്നു

ക്ഷേത്രത്തിൽ പ്രവേശിച്ച് തന്റെ സമീപത്തെത്തിയ പുത്രനെ വൈക്കത്തപ്പൻ സ്വന്തം സ്ഥാനം നൽകി ആദരിച്ചു.തുടർന്ന് ദേവീദേവന്മാർ അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരന്നു. ദേശദേവതയായ മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി, കിഴക്കുംകാവ് ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്ണു, ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്ണു, ഗോവിന്ദപുരം ശ്രീകൃഷ്ണൻ, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്ടൂർ ശാസ്താവ് എന്നിവരാണ് ദേവസംഗമത്തിൽ അണിനിരക്കുന്നത്.

വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് അഷ്ടമി അഷ്ടമി വിളക്കിനായി മുത്തേടത്തുകാവ് ഭഗവതിയും ഇണ്ടംതുരുത്തിൽ ഭഗവതിയും എഴുന്നള്ളിയപ്പോൾ തെക്കേനടയിൽ നൽകിയ വരവേല്പ്
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് അഷ്ടമി നാൾ രാത്രിയിൽ എഴുന്നള്ളുന്ന പുഴവായികുളങ്ങര മഹാവിഷ്ണുവും കിഴക്കും കാവ് ഭഗവതിയും

തുടർന്ന് ആദ്യ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കൈമൾ പല്ലക്കേറിയെത്തും. കൈമൾ കാണിക്ക അർപ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും. പിന്നെ ഭക്തജനങ്ങളുടെ ഊഴമാണ്. വിളക്കിന് ശേഷം വിടപറയൽ ചടങ്ങ് നടക്കും. പ്രാപഞ്ചികമായ വൈകാരികഭാവങ്ങൾ നിറഞ്ഞുനിൽക്കുന്ന ചടങ്ങാണിത്. അച്ഛനും മകനും വിടപറയുമ്പോൾ പരിസരം ശോകമൂകമാകും. ഈ ഒരു ചടങ്ങിലേയ്ക്ക് മാത്രമായി ചിട്ടപ്പെടുത്തിയ ദുഖകണ്ഠാര രാഗമാണ് അപ്പോൾ നാദസ്വരത്തിലൂടെ ഒഴുകുക. 13ന് വൈകിട്ടാണ് ആറാട്ട്. ഭാർഗവരാമനാൽ നിശ്ചയിക്കപ്പെട്ട ക്ഷേത്രാചാരമനുസരിച്ച് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ടുകുളത്തിലാണ് നടക്കുക. ആറാട്ടുകഴിഞ്ഞ് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ നടക്കും. 14 നാണ് പ്രശസ്തമായ മുക്കുടി നിവേദ്യം.