അക്കരപ്പാടം ഭാഗത്ത് പതിവായി മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തം
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ 17-ാം വാർഡിൽ പതിവായി മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം. അക്കരപ്പാടം വാടച്ചിറ തുരുത്തേൽ ഫാം റോഡിൻ്റെ അരികിലും, സമീപത്തെ വയലിലും രാത്രി കാലങ്ങളിൽ വലിയ വാഹനത്തിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം എത്തിച്ച് തള്ളുന്നത് പതിവായത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. ആഴ്ചകൾക്കു മുൻപ് തള്ളിയ മാലിന്യത്തിൽ നിന്നും ദുർഗന്ധം രൂക്ഷമായതോടെ അത് തീ ഇട്ടു നശിപ്പിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം സമീപത്തെ വീടുകളിൽ കഴിയുവാനോ, ഭക്ഷണം കഴിക്കാനോ പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർച്ചയായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വെച്ചൂർ ഭാഗത്ത് പ്രധാന റോഡരികിൽ ശുചി മുറി മാലിന്യങ്ങൾ ഉൾപ്പടെ തള്ളിയിരുന്നു. വൈക്കത്തെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നുണ്ടെങ്കിലും പോലീസ്, പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.