അന്നദാനപ്രഭുവിൻ്റെ പ്രാതലിലും തട്ടിപ്പ്
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതൽ വഴിപാട് നടത്തുന്നതിൽ വൻ തട്ടിപ്പ് നടക്കുന്നതായി ഭക്തരുടെ കൂട്ടായ്മ ആരോപിച്ചു. ഇത് സംബന്ധിച്ച് പരാതി ബന്ധപ്പെട്ടവർക്ക് നല്കിയിട്ടുണ്ട്. കോടതിയുടെ ഉത്തരവിൻ പ്രകാരം സാധാരണ ദിവസങ്ങളിൽ 8 പറയും ശനി, ഞായർ ദിവസങ്ങളിൽ 12 പറ അരിയുടെ പ്രാതലുമാണ് ഒരുക്കേണ്ടത്. ഒരു പറ പ്രാതലിന് 5000 രൂപയാണ് ദേവസ്വത്തിൽ ഒടുക്കേണ്ടത്. ഒരു പറ പ്രാതൽ വഴിപാടായി നടത്തുന്ന ഭക്തന് 5 സ്പെഷ്യൽ ടോക്കണും 30 സാധാരണ ടോക്കണും നൽകും. നിലവിൽ ഒഴിവ് ദിവസങ്ങളിൽ ഏകദേശം 25 പറ പ്രാതൽ വരെ നടത്തുന്നു. 25 പറ വയ്ക്കുമ്പോൾ 125 സ്പെഷ്യൽ ടോക്കണും 750 സാധരാണ ടോക്കണും ഉൾപ്പടെ 875 ടോക്കൺ നൽകേണ്ടിവരും. ഒരേ സമയം ഊട്ടുപുരയിൽ ഏകദേശം 468 ഭക്തർക്ക് പ്രാതലിൽ പങ്കെടുക്കാം. ടോക്കൺ ലഭിച്ച ഏകദേശം 400 ഭക്തരും ടോക്കണില്ലാത്ത ഭക്തരും അടുത്ത പന്തിക്കായി കാത്തു നില്കണം. കോടതിയുടെ ഉത്തരവ് നോക്കിയാൽ 420 ഭക്തർ ആദ്യ പന്തിക്ക് കയറും. ഊട്ടുപുരയിൽ കയറി പറ്റാനുള്ള തിരക്ക് പലപ്പോഴും സംഘർഷത്തിലും കലാശിക്കുന്നു. 25 പറ അരിയുടെ പ്രാതൽ വഴിപാട് നടത്തുമ്പോൾ ദേവസ്വം രസീത് നല്കുമെങ്കിലും ഒരുക്കുന്നത് പത്തു പറയുടെ പ്രാതൽ ആയിരിക്കും. പത്തു പറ പ്രാതൽ ഒരുക്കിയാൽ തന്നെ ഏകദേശം 2 പറയോളം മിച്ചം വരുന്നതായും ഇത് അത്താഴ ഊട്ടിനായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. കോടതിയേയും ഭക്തരെയും കബളിപ്പിച്ച് നടത്തുന്ന തട്ടിപ്പ് പല പ്രാവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായില്ലന്ന് ഭക്തരുടെ കൂട്ടായ്മ പറയുന്നു. പ്രാതൽ നടക്കുമ്പോൾ അർഹരല്ലാത്തവർ ദക്ഷിണ വാങ്ങുന്നതായും പരാതിയുണ്ട്.
അന്നദാന വിതരണത്തിൽ ടോക്കൺ അധിഷ്ഠിത വേർതിരിവെന്ന്
മഹാദേവക്ഷേത്രത്തിൽ അന്നദാന വിതരണത്തിൽ ടോക്കൺ അധിഷ്ഠിത വേർതിരിവെന്ന് ഭക്തർക്ക് അക്ഷപം.

കഴിഞ്ഞ 28-ന് അന്നദാനം കഴിക്കാൻ എത്തിയ ഭക്തർ രാവിലെ 11 മുതൽ 1 മണിവരെ നീണ്ട നിരയിൽ കാത്തുനിന്നിട്ടും പലർക്കും പ്രസാദം ലഭിക്കാതെ തിരികെ മടങ്ങേണ്ടി വന്നതായാണ് ആരോപണം. ഭക്തർ പറയുന്നതനുസരിച്ച് രണ്ട് മണിക്കൂറോളം കനത്ത വെയിലിൽ ക്യൂവിൽ നിൽക്കേണ്ടി വന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്നദാനം ലഭിക്കാത്ത സാഹചര്യത്തിൽ ചിലരുടെ പ്രതികരണത്തെ തുടർന്ന് മാത്രമാണ് പിന്നീട് പ്രവേശനം അനുവദിച്ചതെന്നും അവർ പറഞ്ഞു. ദേവസ്വം അധികൃതരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഏകദേശം 400 പേർക്ക് ആദ്യം ടോക്കൺ അടിസ്ഥാനത്തിൽ അന്നദാനം നൽകുന്നതായും, തുടർന്ന് മാത്രമാണ് സാധാരണ ഭക്തർക്ക് വിതരണം നടത്തുന്നുവെന്നും, ഇത് കോടതി നിർദ്ദേശപ്രകാരം ആണെന്നുമാണ് അറിയിച്ചതെന്ന് ഭക്തജനങ്ങൾ പറഞ്ഞു. ടോക്കൺ ഉള്ളവർക്കും ഇല്ലാത്തവർക്കും വേർതിരിവുണ്ടെന്നും, ടോക്കൺ ലഭിച്ചവർ സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർ നിലത്ത് ഇരുന്ന് കഴിക്കേണ്ട സാഹചര്യമാണുള്ളതെന്നും പറയുന്നു.