അണലിയെ പിടികൂടാൻ സർപ്പ അംഗം എത്തിയപ്പോൾ കണ്ടത് മൂർഖൻ അണലിയെ കടിച്ച് കീറുന്നത്: കടിപിടിക്കിടെ അണലി ചത്തു, മൂർഖനെ പിടികൂടി
വൈക്കം: സമീപത്ത് ആൾ താമസമില്ലാതെ കാട് പിടിച്ച് കിടന്ന പുരയിടത്തിൽ നിന്നും വീട്ടുമുറ്റത്തെത്തിയ അണലിയെ കണ്ടതോടെ ഭയന്ന വീട്ടുകാർ ഫോറസ്റ്റിനെ വിവരം അറിയിച്ചു.തുടർന്ന് അണലിയെ പിടികൂടാൻ സർപ്പ അംഗം എത്തിയപ്പോൾ കണ്ടത് മൂർഖൻ അണലിയെ കടിച്ച് കീറുന്നത്. ഇന്നലെ വൈകിട്ട് 4 മണിയോടെ വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപമാണ് സംഭവം. കുടവെച്ചൂർ വടക്കോടിൽ സജിയുടെ വീട്ടുമുറ്റത്ത് ഉച്ചയോടെയാണ് അണലിയെ കണ്ടത്.തുടർന്ന് വീട്ടുകാർ ഫോറസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. സ്നേക്ക് റെസ്ക്യൂവർ അരയൻകാവ് സ്വദേശി പി.എസ്. സുജയ് പിടികൂടുന്നതിനായി വൈകിട്ട് 3 മണിയോടെ സ്ഥലത്തെത്തി. അപ്പോഴാണ് മൂന്നരയടിയോളം നീളമുള്ള അണലിയെ നാലരയടിലധികം വലിപ്പമുള്ള മൂർഖൻ തലയിൽ കടിച്ചു പിടിച്ചിരിക്കുന്നത് കാണുന്നത്. ഇതിനിടെ കടിപിടിക്കിടെ അണലി ചത്തു. തുടർന്ന് സർപ്പ അംഗം മൂർഖനെ പിടികൂടി കൂട്ടിലാക്കി. പിടികൂടിയ മൂർഖനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു. ചത്ത അണലിയെ കുഴിച്ചിട്ടു.