അനന്തരം കായലിലെ വിളക്കുമരവും കണ്ണടച്ചു
എസ്. സതീഷ്കുമാർ
വൈക്കം: കാലത്തിന്റെ കാറ്റടിച്ചാണ് കായലിലെ ആ വിളക്കുമരം കണ്ണടച്ചത്. പോയ്മറഞ്ഞ നല്ല കാലത്തിന്റെ ഓർമ്മയ്ക്കായെങ്കിലും അവിടെ ഒരിക്കൽക്കൂടി തിരിതെളിയാൻ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ. പൗരാണിക നഗരമമാണ് വൈക്കം. അതിന്റെ നേർക്കാഴ്ചകൾ അതിപുരാനമായ മഹാദേവ ക്ഷേത്രത്തിന് പുറത്തേക്കും അവിടവിടെയായി ചിതറിക്കിടപ്പുണ്ട്. അതിലൊന്നാണ് ടി.വി.പുരത്തെ വിളക്കുമാടത്തുരുത്ത്. രാജഭരണ കാലത്തെന്നോ ആണ് ടി.വി.പുരം ശ്രീരാമക്ഷേത്രത്തിന് സമീപം വേമ്പനാട്ട് കായലിൽ വിളക്കുമാടം സ്ഥാപിക്കപ്പെട്ടത്. അന്നൊക്കെ ജലയാത്രക്കായിരുന്നു പ്രാമുഖ്യം. കൊല്ലത്തിനും കൊച്ചിക്കുമിടയിൽ ചരക്ക് കയറ്റി സഞ്ചരിക്കുന്ന കെട്ടുവള്ളങ്ങളും യാത്രാ യാനങ്ങളുമെല്ലാം വേമ്പനാട്ടു കായലിൽ സജീവമായിരുന്നു അക്കാലത്ത്. കായലിലൂടെ കടന്നുപോകുന്ന ജലയാനങ്ങൾക്ക് രാത്രിയിൽ ദിശ അറിയാനായിരുന്നു ടി.വി.പുരത്ത് വിളക്കുമാടം സ്ഥാപിച്ചത്.

കായലിൽ കാറ്റും കോളുമുണ്ടാകമ്പോൾ വള്ളം തീരത്തടുപ്പിച്ച് കെട്ടി വിശ്രമിക്കാൻ വിശ്രമമുറിയും തേക്കിൻ തടിയിൽ തീർത്ത വിളക്കുമരവും ഉണ്ടായിരുന്ന ചെറുദ്വീപ് വിളക്കുമാടത്തുരുത്തെന്ന് അറിയപ്പെട്ടു. പന്ത്രണ്ട് സെന്റ് വരുന്ന തുരുത്തിലേക്ക് കരയിൽ നിന്ന് നൂറ് മീറ്ററാണ് അകലം. ജലവിഭവ വകുപ്പിന്റെ അധീനതയിലാണ് ഇപ്പോൾ വിളക്കുമാടത്തുരുത്ത്. കായൽ വളഞ്ഞൊഴുകുന്ന ഭാഗത്തെ ഈ തുരുത്ത്, കായലിന്റെ എല്ലാ ഭാഗത്ത് നിന്നും ദൃശ്യമാകും എന്നതാകാം ഇവിടം വിളക്ക് മാടമാക്കാനുള്ള കാരണം. നാല് പതിറ്റാണ്ട് മുൻപ് വരെ ഇവിടെ വിളക്ക് തെളിഞ്ഞിരുന്നതാണ്. അന്ന് വിളക്ക് തെളിക്കുന്നവർക്ക് വേതനവും വിളക്കിലൊഴിക്കാൻ മണ്ണെണ്ണയും ജലസേചന വകുപ്പിൽ നിന്ന് നൽകിയിരുന്നു. ഇപ്പോൾ ഇതെല്ലാം ജീർണ്ണതയിലായി. ചരിത്രത്തിൻ്റെ കഥകൾ തിരഞ്ഞ് വിളക്കുമാടത്തുരുത്തിലേക്ക് ഒന്ന് പോയാലോ! നമ്മുടെ പൂർവ്വികർക്ക് കായൽ യാത്രയിൽ വഴി കാട്ടിയായ വിളക്കുമരം ദ്രവിച്ച് തകർന്നുവീണ് പാതിയായി. വിളക്ക് തെളിക്കാനായി കയറുന്ന പടവുകൾ തകർന്ന് തുരുത്തിന്റെ അരികുകൾ കായലെടുക്കുകയാണ്.

പുരാതന നിർമ്മിതിയായ വിശ്രമ സങ്കേതം നശിച്ചു. ചുറ്റുമുള്ള പച്ചപ്പുകളാണ് ഇപ്പോൾ തുരുത്തിൻ്റെ ആകർഷണം. പിന്നെ ആ പഴങ്കഥകളും. പുതിയ തലമുറകൾക്ക് നമ്മുടെ പോയ കാലത്തിന്റെ ഓർമ്മകൾ പകർന്ന് നൽകാനും വിനോദ സഞ്ചാര മേഖലയിലെ സാദ്ധ്യതകൾ പരമാവധി നാടിന്റെ വികസനത്തിനായി ഉപയോഗിക്കാനുമായി വിളക്കുമാടത്തുരുത്തും വിളക്കുമരവും പുനരുജ്ജീവിപ്പിക്കണമെന്നതാണ് നാടിന്റെ ആവശ്യം. ഇതിനായി നാട്ടുകാർ വർഷങ്ങളായി അധികാരത്തിന്റെ പല വാതിലുകളിലും മുട്ടി വരികയാണ്. പി.ജെ. ജോസഫ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിളക്കുമാടത്തുരുത്ത് പുനരുദ്ധരിക്കുന്നതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ്. പക്ഷേ തുടർ നടപടികളൊന്നുമുണ്ടായില്ല. വിളക്കുമാടത്തുരുത്ത് ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ടി.വി.പുരം തൈയ്യിൽ ടി.ബി. മോഹൻദാസിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ടൂറിസം മന്ത്രിക്കും നവകേരള സദസ്സിലുമൊക്കെ നിവേദനം നൽകിയതാണ്. തുടർന്ന് മന്ത്രിയുടെ ഓഫീസ് വിളക്കുമാടത്തുരുത്ത് സംരക്ഷിക്കുന്നതിനും അവിടം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ ടൂറിസം ഡയറക്ടർക്ക് നിർദ്ദേശം നൽകി. നവകേരള സദസ്സിൽ നിന്ന് നിവേദനം ഡി.ടി.പി.സിക്ക് കൈമാറിയതിനെ തുടർന്ന് അവരും അനുകൂലമായ നിർദ്ദേശം ടൂറിസം ഡയറക്ടർക്ക് നൽകി. ടൂറിസം വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. നിലവിൽ ടൂറിസം വകുപ്പ് 60 ശതമാനവും ടി.വി. പുരം പഞ്ചായത്ത് 40 ശതമാനവും വിഹിതം മുടക്കി പദ്ധതി തയ്യാറാക്കി തുരുത്ത് സംരക്ഷിക്കാൻ തീരുമാനമുണ്ടെങ്കിലും തുടർ നടപടികൾ അനക്കമില്ലാതെ കിടക്കുകയാണ്. തുരുത്തിന് ചുറ്റും കല്ല് കെട്ടി സംരക്ഷിക്കണം. വിളക്കുമരം പുനരുദ്ധരിക്കണം വിളക്കുമരത്തിൽ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ സൗരോർജ്ജ റാന്തൽ വിളക്ക് സ്ഥാപിക്കണം. സന്ദർശകർക്ക് ഇവിടേയ്ക്ക് എത്തുന്നതിനായി കരയിൽ നിന്ന് തൂക്കുപാലം നിർമ്മിക്കണം. സന്ദർശകർക്കായി ഇരിപ്പിടങ്ങളും വിശ്രമമുറിയും ശുചിമുറിയും ഒരുക്കണം തുടങ്ങിയവയാണ് നാട്ടുകാരുടെ ആവശ്യം.