അഞ്ച് വയസ്സുകാരികളായ ഇരട്ടകള്‍ കായല്‍ നീന്തി ചരിത്രവിജയം കൊയ്തു
വൈക്കം: ഓളപ്പരപ്പില്‍ സാഹസിക ദൗത്യത്തില്‍ അഞ്ച് വയസ്സുകാരികളായ ഇരട്ടകളായ നൈവേദ്യയും നിഹാരികയും കായല്‍ നീന്തി പുതിയൊരു സമയം സ്വന്തമാക്കി ചരിത്രമെഴുതി. കായല്‍ നീന്തി പുതിയ ദൂരവും സമയവും സ്വന്തമാക്കി വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം തേടാനുള്ള സാഹസിക ദൗത്യമാണ് നൈവേദ്യയും നിഹാരികയും ലക്ഷ്യമിട്ടത്. ഇരട്ടകള്‍ കായല്‍ നീന്തുന്നത് ഇതാദ്യമാണ്. കുലശേഖരമംഗലം വൈകുണ്ഠത്തില്‍ എസ്.ബി.ഐ ഉദ്യോഗസ്ഥനായ പി. ഹരീഷിന്റെയും അനുവിന്റെയും മക്കളാണ് ഇവര്‍. വെള്ളൂര്‍ ഭവന്‍സ് ബാല മന്ദിര്‍ യു.കെ.ജി വിദ്യാര്‍ത്ഥികളാണ്. കുട്ടികളുടെ ദൗത്യപരീക്ഷണം കണ്ടറിയാന്‍ കായല്‍ ബീച്ചില്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചേര്‍ത്തല കൂമ്പേല്‍ക്കടവില്‍ നിന്നും 7.17 ന് നീന്തിതുടങ്ങിയ ഇവര്‍ 9 കിലോമീറ്റര്‍ ദൂരം താണ്ടി 9.05 ന് കരതൊട്ടു. വൈക്കം കായലോര ബീച്ചില്‍ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയ കുട്ടികളെ പൗരയോഗം ആദരിച്ചു. ഡോള്‍ഫിന്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ പരിശീലകന്‍ ബിജു ടി. തങ്കപ്പന്റെ ശിക്ഷണത്തില്‍ മൂവാറ്റുപുഴയാറ്റില്‍ നീന്തല്‍ പരിശീലനം നേടിയാണ് ദീര്‍ഘദൂര കായല്‍ നീന്തല്‍ നടത്തിയത്.