അഷ്ടമി അവലോകന യോഗം
വൈക്കം: അഷ്ടമി മുന്നൊരുക്കങ്ങളുടെ അവലോകന യോഗം ദേവസ്വം ഗസ്റ്റ്ഹൗസിൽ നടന്നു. പാലാ ആർ.ഡി.ഒ. വിളിച്ചു ചേർത്ത യോഗത്തിൽ ദേവസ്വം അധികൃതരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാരും പങ്കെടുത്തു. അഷ്ടമിക്ക് ക്ഷേത്രത്തിലും നഗരത്തിലും നടത്തേണ്ട ക്രമീകരണങ്ങൾക്ക് തീരുമാനമായി. അഷ്ടമിയോടനുബന്ധിച്ച് 75 എഴുന്നള്ളിപ്പുകൾ ഉണ്ടാവും. ദേവസ്വം ബോർഡിന്റെ രണ്ട് ആനകളാവും ഉണ്ടാവുക. എഴുന്നള്ളിപ്പ് നടക്കുന്ന അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 1.5 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നിലവിലുള്ള ഉദ്യോഗസ്ഥരെ കൂടാതെ ഏകദേശം 130 ജീവനക്കാരെയും 50 കലാപീഠം വിദ്യാർത്ഥികളെയും സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്കും പ്രായമായവർക്കും പ്രാതലിന് പ്രത്യേക സംവിധാനം ഒരുക്കും. അയ്യപ്പ ഭക്തർക്ക് വിരിവയ്ക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേയും ഓഫിസ് കെട്ടിടങ്ങളുടേയും അലങ്കാര ഗോപുരങ്ങളുടേയും അറ്റകുറ്റപണികളും പെയിന്റിംഗ് ജോലികളും സമയബന്ധിതമായി പൂർത്തിയാക്കും. ക്ഷേത്രത്തിൽ 35,000 ചതുരശ്ര അടിയിൽ താൽക്കാലിക അലങ്കാരപ്പന്തലും നാലമ്പലത്തിൽ വിരിപ്പന്തലും 6,000 അടി നീളത്തിൽ ബാരിക്കോഡും ഒരുക്കും. ദർശനത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനും സംവിധാനം ഒരുക്കും. കുടിവെള്ളം, ആംബുലൻസ് സൗകര്യം, സന്നദ്ധസേന പ്രവർത്തകരുടെ സേവനവും ഉറപ്പാക്കും. പൊലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന, വെറ്റിനറി വിഭാഗം എന്നിവയുടെ സേവനവും ഉണ്ടാകും. വടക്കേ നടയിൽ പുരുഷൻമാർക്ക് 8ഉം സ്തീകൾക്ക് 5 ഉം ടോയ്ലറ്റുകൾ നിലവിൽ ഉണ്ട്. കൂടാതെ ഉത്സവത്തോടനുബന്ധിച്ച് വടക്കേനടയിൽ 5 ഉം കിഴക്കേ നടയിൽ 10 ഉം ഇ ടോയിലറ്റുകൾ സ്ഥാപിക്കും. ക്ഷേത്രത്തിലെ മാലിന്യങ്ങൾ നഗരസഭ നീക്കംചെയ്യും. ക്ഷേത്രത്തിലെ ഹൈമാസ്സ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കും. നിലവിലുള്ള 32 സി.സി.ടി.വി. ക്യാമറ കൂടാതെ 42 സി.സി.ടി.വി ക്യാമറകളും ഉണ്ടാകും. ചേർത്തല, പാല, കോട്ടയം, എറണകുളം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി 20 സർവ്വീസ് അധിമായി നടത്തും. അവസാന രണ്ട് ദിവസം സ്പെഷ്യൽ ബോട്ട് സർവ്വീസും ഉണ്ടായിരിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് മെമ്പർ ഡി.സന്തോഷ് കുമാർ, കമ്മീഷണർ ബി. സുനിൽ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.