അഷ്ടമി ദർശനത്തിന് ഇനി മണിക്കൂറുകൾ: അഷ്ടമി വിളക്കിന് നാടൊരുങ്ങി
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം 12ന് നടക്കും. വെളുപ്പിന് 3.30 ന് നട തുറന്ന് ഉഷപൂജക്കും എതൃത്ത പൂജക്കും ശേഷം 4.30 ന് അഷ്ടമി ദർശനത്തിനായി നട തുറക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് വശമുളള ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നല്കി അനുഗ്രഹിച്ച പുണ്യമുഹൂർത്തമാണ് അഷ്ടമി ദർശനമായി കൊണ്ടാടുന്നത്. അഷ്ടമി ദർശനത്തിനായി വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആയിരങ്ങൾ വൈക്കത്തെത്തും. ഭഗവാന്റെ ഇഷ്ട വഴിപാടായ പ്രാതലിലും അനവധി ഭക്തർ പങ്കെടുക്കും. പ്രാതലിന്റെ അരിയളക്കൽ ഇന്ന് വൈകിട്ട് 6.30 ന് ക്ഷേത്രം കലവറയിൽ ദേവസ്വം കമ്മിഷണർ ബി. സുനിൽ കുമാർ നിർവഹിക്കും. പ്രസിദ്ധമായ അഷ്ടമിവിളക്ക് രാത്രി 11 നാണ്.
9 എഴുന്നള്ളിപ്പുകൾ 13 ഗജവീരൻമാർ
ദേശാധിപന്മാരടക്കം ഒൻപത് ദേവീദേവന്മാർ അണിനിരക്കുന്ന എഴുന്നള്ളത്താണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിവിളക്കിൻ്റെ ഏറ്റവും വലിയ ആകർഷണം. അപൂർവങ്ങളിൽ അപൂർവമായ ഈ ദേവതാ സംഗരത്തിന് സാക്ഷിയാകാൻ വിദേശ വിനോദ സഞ്ചാരികൾ വരെ വൈക്കത്തെത്തും. മഹാദേവ ക്ഷേത്രത്തിലേയും ഉദയനാപുരം ക്ഷേത്രത്തിലേയും എഴുന്നള്ളിപ്പുകൾക്ക് പുറമേ മൂത്തേടത്ത് കാവ്, കൂട്ടുമ്മേൽ, ശ്രീനാരായണപുരം, തൃണയം കുടം, ഇണ്ടംതുരുത്തി, പുഴവായിക്കുളങ്ങര, കിഴക്കുംകാവ് എന്നീ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളാണ് അഷ്ടമി വിളക്കിൽ പങ്കെടുക്കുക.

വൈക്കത്തപ്പന്റെ എഴുന്നള്ളത്ത്
വൈക്കത്തഷ്ടമി ദിവസം രാത്രി പത്ത് മണിയോടെയാണ് വൈക്കത്തപ്പൻ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളുന്നത്. പുത്രന്റെ വരവ് പ്രതീക്ഷിച്ച് പിതാവ് കൊടിമരച്ചുവട്ടിൽ ഉപവാസത്തോടെ നിൽക്കുന്നു. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഭഗവാൻ കിഴക്കേ ഗോപുരനടയിലെ വ്യാഘ്രപാദ സങ്കേതത്തിൽ എത്തുന്നതോടെ വാദ്യമേളങ്ങൾ ഉൾപ്പടെയുള്ളവ ഒഴിവാക്കി ആകുലചിത്തനായി പുത്രനെ കാത്ത് നിൽക്കുന്നു.
ഉദയനാപുരത്തപ്പൻ്റെ വരവ്
താരകാസുരനേയും ശൂരപത്മനേയും നിഗ്രഹിച്ച ശേഷം വിജയഭേരിയോടെ ഉദയനാപുരത്തപ്പൻ പിതാവായ വൈക്കത്തപ്പൻ്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതാണ് ചടങ്ങ്. രാജകീയ പ്രൗഡിയോടെ കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരം ദേവൻ എന്നിവരോടൊപ്പം വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന്റെ വരവ് പ്രസിദ്ധമാണ്. വലിയ കവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളിൽ അലങ്കാരപ്പന്തൽ ഒരുക്കി നിലവിളക്കുകൾ തെളിച്ച്, പൂക്കൾ വിതറി, നിറപറകൾ നിരത്തിയാണ് വരവേല്പ്. തെന്നിന്ത്യയിലെ നാദസ്വര ചക്രവർത്തിമാരുടെ മേളം ചടങ്ങിന് കൊഴുപ്പേകും. ദേശദേവതയായ മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തിൽ ഭഗവതി എന്നിവർക്ക് തെക്കേനടയിലെ അലങ്കാരപ്പന്തലിൽ നിലവിളക്കും നിറപറയും ഒരുക്കി വരവേല്പ് നൽകും. ഉദയനാപുരത്തപ്പൻ ഉൾപ്പടെയുള്ള ദേവി ദേവൻമാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ച് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളും. വൈക്കത്തപ്പൻ തന്റെ സ്ഥാനം മകന് നൽകി അനുഗ്രഹിക്കുന്നു. മറ്റു ദേവീദേവന്മാർ അവരവരടുടെ സ്ഥാനങ്ങളിൽ നിലയുറപ്പിക്കും.
വലിയ കാണിക്ക
അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവർ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്ക അർപ്പിക്കും. തുടർന്ന് ഭക്തരും.
കറുകയിൽ കൈമൾ
വൈക്കത്തപ്പന് ആദ്യകാണിക്ക ആർപ്പിക്കുവാൻ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപലൻ നായർ (85 നാളെ ഉച്ചക്ക് 12 മണിയോടെ വൈക്കത്തെത്തും. കിടങ്ങൂരെ തറവാട്ടിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം കുടുംബ സമേതമാണ് ഗോപാലൻ നായർ വൈക്കത്തേക്ക് വരുന്നത്. ഇരുപത്തി നാലാം വർഷമാണ് ഗോപാലൻനായർക്ക് കാണിക്കയർപ്പിക്കുവാൻ അവസരം ലഭിക്കുന്നത്. വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനും ഉദയനാപുരപ്പനും മറ്റ് ദേശദേവതമാരും വ്യാഘ്രപാദ സങ്കേതത്തിൽ എഴുന്നള്ളി നിൽക്കുന്ന സന്ദർഭത്തിൽ കറുകയിൽ കുടുംബത്തിലെ കാരണവരായ ഗോപാലൻ നായർ വാദ്യമേളങ്ങളോടെ പല്ലക്കിൽ എഴുന്നള്ളി സ്വർണ്ണ ചെത്തിപ്പൂവ് കാണിക്കയായി അർപ്പിക്കും. തലമുറകളായി പകർന്നു കിട്ടിയ അവകാശം കറുകയിൽ കുടുംബം ഇന്നും സംരക്ഷിച്ചു പോരുന്നു. വലിയ കാണിക്കക്ക് കറുകയിൽ കൈമൾ കാണിക്ക അർപ്പിച്ചതിന് ശേഷമേ ഭക്തജനങ്ങൾക്ക് കാണിയ്ക്കയർപ്പിക്കാൻ സാധിക്കു. അഷ്ടമി നാൾ നടക്കുന്ന വലിയ വിളക്കിൻ്റെ ഭാഗമാണ് വലിയ കാണിക്ക.
ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്
അഷ്ടമിവിളക്ക് കഴിഞ്ഞ് പ്രദക്ഷിണത്തിന് ശേഷം ദേവീദേവൻമാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ച് പിരിയും. വടക്കേ ഗോപുരത്തിന് സമീപം നിന്ന് വൈക്കത്തപ്പൻ, ഗോപുരം ഇറങ്ങി മടങ്ങുന്ന മകന്റെ യാത്ര അടക്കിപ്പിടിച്ച ദുഖത്തോടെ നോക്കി നിൽക്കുന്നു. ക്ഷേത്രമാകെ ആ സമയം നിശബ്ദമാകും. ഭക്തജനങ്ങളുടെ കണ്ണുകളെ പോലും ഈറനണിയിച്ച് നാദസ്വരത്തിൽ നിന്ന് ദു:ഖരാഗമായ ദുഖഖണ്ഠാരം മാത്രം ഒഴുകിയിറങ്ങും. പിന്നീട്വൈക്കത്തപ്പൻ സാവാധനം ശ്രീകോവിലിലേക്ക് തിരികെ എഴുന്നള്ളും.
തെക്കും ചേരി മേൽ എഴുന്നള്ളിപ്പ്വൈക്കത്തഷ്ടമിയുടെ ചടങ്ങായ തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് നടന്നു.വൈക്കം ക്ഷേത്രത്തിന്റെ നാല് കിലോമീറ്റർ തെക്ക് ഭാഗത്തുള്ള അരിമ്പുകാവ് ക്ഷേത്രത്തിൽ ഇറക്കിപ്പൂജയും നിവേദ്യവും നടത്തി. തുടർന്ന് കമഴ്ത്തിപ്പിടിച്ച് ശംഖ് വിളിച്ച് എഴുന്നള്ളിപ്പ് തിരികെ പോന്നു. വാദ്യമേളങ്ങൾ അകമ്പടിയായി.

മഹാദേവക്ഷേത്രത്തിൽ നാളെ
രാവിലെ 5 മുതൽ പാരായണം, 6.40 ന് ഭക്തി ഗാനാമൃതം, 7.20 ന് പുല്ലാംകുഴൽ, 8 ന് ശ്രീബലി, നാദസ്വരം - യാഴ്പാണം പി. എസ്. ബാലമുരുകൻ ജാഫ്ന, പി.എസ്. സാരംഗ് ജാഫ്ന, തകിൽ കാവാലം ബി. ശ്രീകുമാർ, ബദുല ഉദയശങ്കർ, 11.30 മുതൽ സംഗീതക്കച്ചേരി, 1.20 ന് ജുഗൽബന്ധി, 2 ന് ഭജനാമൃതം, ഉത്സവബലി ദർശനം, 2.40ന് ഭക്തി ഗാനാമൃതം, 3.20 ന് ഭജനാമൃതം, 4 ന് സംഗീതസദസ്, 5 ന് കാഴ്ചശ്രീബലി (സേവ), 7 ന് ശിഖ സുരേന്ദ്രൻ ഐ.എ.എസിന്റെ ഭക്തി ഗാനമേള, 7.45 ന് ഗംഗാ ശശിധരന്റെ ഗംഗാതരംഗം, 9.45 കൊച്ചിൻ കാലാന്തിക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 10.30 ന് ബാംഗ്ലൂർ വൈഷ്ണവി നാട്യശാലയുടെ ഭരതനാട്യം, 12 ന് വിളക്ക്, 2 ന് മീനടം ബാബുവിന്റ ഹരികഥ.