അഷ്ടമി: ക്ഷേത്രവും നഗരവും ഉത്സവ തിരക്കിൽ
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കത്തഷ്ടമി നാളെ. ക്ഷേത്രവും നഗരവും ഉത്സവതിരക്കിൽ. ഉദയനാപുരത്തപ്പൻ്റെ വരവേൽപ്പിനായി സ്വീകരണ പന്തലുകൾ വർണ്ണ ദീപങ്ങളാൽ മിഴി തുറന്നു. ഈ രാവ് മിഴി തുറന്നാൽ അഷ്ടമിയാണ്. പുലർച്ചെ 4.30 നാണ് അഷ്ടമിദർശനം. വൃശ്ചിക മാസത്തിലെ കൃഷ്ണാഷ്ടമിനാളിൽ പുലർച്ചെ കിഴക്കേ ആൽത്തറയിൽ ഭക്തോത്തമനായ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ദർശനം നൽകിയ പുണ്യമുഹൂർത്തമാണ് അഷ്ടമി ദർശനം. ഗോപുര നടകൾ നിറഞ്ഞൊഴുകി ജനസാഗരം പുണ്യദിന കാഴ്ചക്കായി ഒഴുകി എത്തുകയാണ്. ക്ഷേത്രവഴികളിൽ കൗതുക കാഴ്ചകളും വഴിവാണിഭവും ഉത്സവ ലഹരിക്ക് മാറ്റ് കൂട്ടി നിറഞ്ഞതോടെ നഗരമാകെ വർണ്ണമയം. ക്ഷേത്ര ദർശനം കഴിഞ്ഞ് എഴുന്നള്ളിപ്പുകളുടെ കാഴ്ചാ വിരുന്നും ആസ്വദിച്ച് ഭക്തസഹസ്രങ്ങൾ ക്ഷേത്രവഴികളിലൂടെ. അഷ്ടമി ദിന കാഴ്ചകൾക്കായുള്ള ഒരുക്കത്തിൽ.
നാളെ പുലച്ചെ പുണ്യദർശനം തുടങ്ങിയാൽ പിന്നെ എഴുന്നള്ളിപ്പുകളില്ല. അഷ്ടമി ദിനത്തിൽ സന്ധ്യയോടെ ഭഗവാൻ കിഴക്കേ ആന കൊട്ടിൽ മകനെ കാത്ത് നിൽക്കും. താരകാസുര നിഗ്രഹത്തിനു പോയ മകനെ കാത്ത് ആശങ്കയും ദുഃഖവും പേറിയുള്ള നിൽപ്പാണ്. വാദ്യമേളങ്ങളില്ലാതെ ഇടവിട്ടുള്ള വീക്കൻ ചെണ്ടയുടെ മുഴക്കം മാത്രം അകമ്പടി. രാത്രിയോടെ യുദ്ധം ജയിച്ച് താരകാസുര നിഗ്രഹവും കഴിഞ്ഞുള്ള ഉദയനാപുരത്തപ്പൻ്റെ വരവാകും. വലിയകവല മുതൽ മൂന്നിടത്ത് അലങ്കാര പന്തലുകളും പൂ പരവതാനിയും നിലവിളക്കുകളും ഒരുക്കി നാടിൻ്റെ വരവേൽപ്പാണ്. ജീവിത വേളകളിൽ നാട് വിടേണ്ടി വന്നവർ ഗൃഹാതുരതയോടെ ഓടിയെത്തുന്ന ദിനം. ഉദയനാപുരത്തപ്പൻ ക്ഷേത്രത്തിലെത്തി പിതാവിനെ കാണും. പിതാവ് സ്വന്തം സ്ഥാനം നൽകി മകനെ ആദരിക്കും. മാനുഷിക മൂല്യങ്ങളും പിതൃപുത്ര ബന്ധത്തിൻ്റെ ഉഷ്മളതയും മനം നിറക്കുന്ന ചടങ്ങുകളാണ് പിന്നീട്.. ദേശത്തെ ഏഴ് ദേവീദേവൻ മാർകൂടി പങ്കാളികളാവുന്ന ഈ ചടങ്ങുകൾ മിഴിയും മനവും നിറക്കും. സ്വർണ്ണ ചെത്തി പൂവിതൾ കറുകയിൽ കൈമൾ തലമുറ പല്ലക്കിലേറിഎത്തി അർപ്പിക്കുന്ന തോടെ വലിയ കാണിക്കയായി.... ഒൻമ്പത് ദേവീ ദേവ തിടമ്പുകൾ ഏറി നെറ്റിപ്പട്ടമണിഞ്ഞ കൊമ്പൻമാർ നിരക്കുന്ന അഷ്ടമി വിളക്കിൻ്റെ പുണ്യദർശനം. ഭക്തലക്ഷങ്ങൾ ദേവീദേവ സ്തുകളുമായി കൺപാർക്കും. പ്രദക്ഷിണ വഴികൾ പിന്നിട്ട് വലം വയ്പ്പിനു ശേഷം വിട പറയാണ് പിന്നെ പുലർച്ചയോടെ. ദേശത്തെ ദേവീദേവന്മാർ പിരിയും. അവസാനം പിതാവിൻ്റെയും മകൻ്റെയും വിട പറയൽ ചടങ്ങാണ്. ദുഃഖം തിങ്ങുന്ന മനമോടെ. പ്രത്യേകം ചിട്ടപ്പെടുത്തിയ ദുഃഖഖന്ധാര രാഗം നാഗസ്വരത്തിലൂടെ ഉയരുമ്പോൾ വേദനയും പേറി ഭഗവാൻ്റെ മടക്കമാണ്. ശ്രീകോവിലേക്ക്. കനം വച്ച മനവുമായി ഒരു അഷ്ടമി ഉൽസവത്തിൻ്റെ ദർശന പുണ്യവുമായി ജനസഹസ്രങ്ങൾ മടങ്ങും. അടുത്ത അഷ്ടമിയുടെ പുണ്യ ദർശനത്തിന്നുള്ള കാത്തിരിപ്പുമായി.