അഷ്ടമി: ഓർമ്മക്കായ് ഇന്നും ആ കിണർ
ആർ. സുരേഷ് ബാബു
വൈക്കം: ആചാരാനുഷ്ഠാനങ്ങളിൽ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയോടനുബന്ധിച്ച് പണ്ടുണ്ടായിരുന്നതും നിലച്ചു പോയതുമായ ഒരു ചടങ്ങാണ് പെരുമ്പടപ്പ് സന്ധ്യവേല. പെരുമ്പടപ്പ് സ്വരൂപത്തിന്റെ അധിപൻമാരായ കൊച്ചി രാജാക്കൻമാർ വൈക്കം ക്ഷേത്രത്തിൽ നടത്തിയിരുന്ന സന്ധ്യവേലയാണ് ഇത്. കൊച്ചി രാജാക്കൻമാർ അമൃതേത്തിന് മുൻപായി നിത്യേന ഒരു നിറപറ അരി അളന്ന് വൈക്കത്തപ്പന് മാറ്റിവയ്ക്കുക പതിവായിരുന്നു. ഇത് വർഷത്തിലൊരിക്കൽ അഷ്ടമിക്ക് മുൻപായി വൈക്കം ക്ഷേത്രത്തിൽ എത്തിച്ച് അതുപയോഗിച്ച് പ്രാതൽ നടത്തിയിരുന്നു. സന്ധ്യവേല നാളിൽ പ്രാതലിന് വേണ്ട വിഭവങ്ങൾ പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്നാണ് കൊണ്ടു വന്നിരുന്നത്. തിരുവിതാംകൂർ രാജാവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയാൽ പെരുമ്പടപ്പ് സന്ധ്യവേല നടക്കുന്ന നാളിൽ പ്രാതലിനും മറ്റും വേണ്ടി വരുന്ന വെള്ളം എടുക്കുവാൻ ഊട്ടുപുരയ്ക്ക് സമീപമായി പെരുമ്പടപ്പ് സ്വരൂപം വക ഒരു പ്രത്യേക കിണറും കൊച്ചി രാജാക്കൻമാർ പണികഴിപ്പിച്ചു. നിലച്ചുപോയ ഈ സന്ധ്യവേലയുടെ ഓർമ്മയ്ക്കായെന്ന പോലെ ക്ഷേത്രത്തിൻ്റെ ഈശ്വാനു കോണിലായി ഊട്ടുപുരയ്ക്ക് സമീപം ആ കിണർ ഇന്നും കാണാം.