അത്മസമർപ്പണത്തിൻ്റെ അംഗീകാരം: പി.ജി.എം നായർ കാരിക്കോട് എൻ.എസ്. എസ് യൂണിയൻ പ്രസിഡൻ്റ്
വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റായി പി.ജി.എം നായർ കാരിക്കോടിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 15 ൽ 15 സീറ്റിലും യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയിലെ മുഴുവൻ സ്ഥാനങ്ങളിലും നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു. രാവിലെ 10 മുതൽ 2 വരെ കെ.എൻ.എൻ സ്മാരക എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യൂണിയൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പി.ജി.എം നായർ നിലവിലെ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനായിരുന്നു. താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ്, പ്രതിനിധി സഭാംഗം, കരയോഗം പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്ന പി.ജി.എം നായർ മികച്ച സംഘാടകനും വാഗ്മിയുമാണ്. വൈക്കം ശ്രീമഹാദേവ കോളേജ് ഡയറക്ടർ ഉൾപ്പെടെ നിരവധി ചുമതലകൾ നിർവ്വഹിച്ചുവരുന്നു. വൈക്കത്തെ പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് പി.ജി.എം നായർ. യൂണിയൻ വൈസ് പ്രസിഡൻ്റായി കല്ലറ പെരുന്തുരുത്ത് കരയോഗം പ്രസിഡൻ്റ് പി. വേണുഗോപാലിനെ തിരഞ്ഞെടുത്തു. പി.എസ്. വേണുഗോപാൽ (തലയോലപ്പറമ്പ്), പി.എൻ. രാധാകൃഷ്ണൻ (വൈക്കം ടൗൺ), കെ.എൻ. സഞ്ജീവ് (മാഞ്ഞൂർ), വി.എൻ. ദിനേശ് കുമാർ (കടുത്തുരുത്തി), പി.ജി. പ്രദീപ് (ചെമ്പ്), വി.കെ. ശ്രീകുമാർ (മുളക്കുളം), എം.ആർ. അനിൽകുമാർ (ഉദയനാപുരം), ജി. സുരേഷ് ബാബു (തലയാഴം), ശ്രീനിവാസ് കൊയ്ത്താനം (പുതുശ്ശേരിക്കര), എ. അരുൺ (ഞീഴൂർ), കെ.എൻ. നാരായണൻ നായർ (മറവന്തുരുത്ത്), അനിൽകുമാർ പി. (വെച്ചൂർ), കൃഷ്ണകുമാർ എസ്.യു. (വൈക്കം) എന്നിവരാണ് യൂണിയൻ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റായി എൻ. മധു (വെള്ളൂർ) വിനെയും കമ്മറ്റി അംഗങ്ങളായി കെ. അജിത്ത് (മിഠായിക്കുന്നം), മനോജ് കൃഷ്ണ കരിപ്പായിൽ (വല്ലകം), ആർ. പ്രദീപ്കുമാർ (വടയാർ), ടി.എസ്. വിജയൻ നായർ (മേമ്മുറി) എന്നിവരെയും തെരഞ്ഞെടുത്തു. മാന്നാർ കരയോഗം സെക്രട്ടറി വി.എസ്. പത്മകുമാർ യൂണിയൻ ഇലക്ട്രൽ റോൾ മെമ്പറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താലൂക്കിലെ കരയോഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തിയത്. എൻ.എസ്.എസ് ഇൻസ്പെക്ടറും കോട്ടയം യൂണിയൻ സെക്രട്ടറിയുമായ എ.എം. രാധാകൃഷ്ണൻ നായർ മുഖ്യ വരണാധികാരിയായിരുന്നു. വൈക്കം യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ സഹവരണാധികാരിയായി.