ഭാഗ്യം തുണച്ചു: ഭരണം തുണച്ചില്ല
എസ്. സതീഷ്കുമാർ
വൈക്കം: സംവരണ സ്ഥാനത്തേക്ക് അംഗങ്ങളില്ലാത്തതിനാൽ മറവൻതുരുത്ത് പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം സീറ്റ് നേടിയിട്ടും എൽ.ഡി.എഫിന് ഭരിക്കാം. നറുക്കിലൂടെ എന്ന യു.ഡി.എഫിൻ്റെ ഭരണ സാധ്യതയാണ് ഇല്ലാതായത്.
കാരണമിതാണ്. 16 വാർഡുകളിലെ മത്സരത്തിൽ ഇരു മുന്നണികൾക്കു 8 വാർഡുകളിൽ വീതം ജയിക്കാനായി. എന്നാൽ യു.ഡി.എഫിൻ്റെ സംവരണ സീറ്റിലെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതാണ് എൽ.ഡി.എഫിന് ഭരണം ലഭിക്കാൻ കാരണമായത്. കഴിഞ്ഞ തവണ 15 വാർഡുകളിലെ ഒരു സീറ്റിൻ്റെ ബലത്തിലായിരുന്നു എൽ.ഡി.എഫ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണ ഒരു വാർഡ് കൂടി 16 ആയപ്പോൾ കക്ഷിനില 8-8 ആയി. നറുക്കിട്ട് ഭരണം എന്ന സാധ്യത കൂടി യു.ഡി.എഫിന് ഇല്ലാതാക്കിയത് പട്ടികജാതി സംവരണ സീറ്റുകളിലെ പരാജയമാണ്. അതായത് പ്രസിഡൻ്റ് ആകാൻ യു.ഡി.എഫിന് മാനദണ്ഡപ്രകാര യോഗ്യത ഉള്ള ആളില്ല.