ബിന്ദുവിൻ്റെ കടുംബത്തിനായി സ്നേഹവീട് നിർമ്മാണം പൂർത്തിയായി

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടഭാഗം ഇടിഞ്ഞ് വീണ്ടുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനായി പുതിയ വീടിന്റെ നിർമാണം പൂർത്തിയായി. ബിന്ദുവിൻ്റെ വീട് സന്ദർശിക്കാൻ എത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ആണ് വീട് നിർമ്മിച്ച് നൽക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് അന്ന് സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസറായിരുന്ന ഡോ.ആർ.എൻ. അൻസർ നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത് നിർമ്മാണം പൂർത്തികരിക്കുകയായിരുന്നു.

26-ന് പുതുതായി നിർമിച്ച വീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സി.കെ. ആശ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സമൂഹത്തിലെ ദു:ഖത്തിനും ദുരന്തങ്ങൾക്കും മുന്നിൽ കൈകോർക്കാനുള്ള മനുഷ്യ സ്നേഹത്തിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ഭവനനിർമാണം. നാഷണൽ സർവീസ് സ്കീം പ്രസ്ഥാനത്തിന്റെ സാംസ്‌ക്കാരികവും സാമൂഹികവുമായ പ്രതിബദ്ധതയാണ് ഈ വീടിന്റെ പൂർണ നിർമ്മാണം സാധ്യമാക്കിയത്. വീടിൻ്റെ നവീകരണത്തിനായി പന്ത്രണ്ടര ലക്ഷം രൂപയുടെ മുഴുവൻ ചെലവും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ശ്രമഫലമായിരുന്നു. ഭവന നിർമ്മാണം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെയും കേരള യൂണിവേഴ്‌സിറ്റികളിലെയും യൂണിറ്റുകൾ ചേർന്നാണ് പൂർത്തിയാക്കിയത്.