ബഷീർ പുരസ്കാരം എസ്. ഹരീഷിന്
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനെട്ടാമത് ബഷീർ പുരസ്കാരം എസ്. ഹരീഷിൻ്റെ പട്ടുനൂൽ പുഴു എന്ന നോവലിന്. .മനുഷ്യ ജീവിതത്തിന്റെ അഗാധ യാഥാർത്ഥ്യങ്ങൾ ദാർശനികതയോടെ സൂക്ഷ്മമായി ചിത്രീകരിച്ച കൃതിയാണ് പട്ടുനൂൽ പുഴു എന്ന നോവൽ. കെ.സി നാരായണൻ, കെ. പ്രസന്നരാജൻ, റാം മോഹൻ പാലിയത്ത് എന്നിവരാണ് ആണ് അവാർഡ് നിർണയിച്ചത്. 50000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ഫലകവുമാണ് എസ്. ഹരീഷിന് സമ്മാനിക്കുന്നത്. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിൽ, മരണത്തിൻ്റെ പ്രാധാന്യം പുതിയ രൂപഘടനയിലൂടെ സൗന്ദര്യാത്മകമായി അവതരിപ്പിക്കാൻ ഈ നോവലിലൂടെ എസ്. ഹരീഷിന് കഴിഞ്ഞിട്ടുണ്ട് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് എസ്. ഹരീഷിൻ്റെ നോവലിനുള്ള ബഷീർ അവാർഡ് തീരുമാനിച്ചത്. ജനുവരി 21ന് തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.