ബസ്സിനുള്ളിൽ കുഴഞ്ഞ് വീണ യാത്രക്കാരിക്ക് പ്രഥമശുശ്രൂഷ നൽകി ജനപ്രതിനിധി

വൈക്കം: ബസ്സിനുള്ളിൽ കുഴഞ്ഞ് വീണ യാത്രക്കാരിക്ക് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച് ജനപ്രതിനിധി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുജാത മധുവാണ് പൊതുപ്രവർത്തകർക്ക് ആകെ മാതൃകയായത്. വൈക്കത്ത് നിന്നും ഇടയാഴം വഴി കോട്ടയത്തേക്ക് പോവുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. പുത്തൻപാലം സ്റ്റോപ്പിൽ നിന്നാണ് സുജാത മധു കോട്ടയത്ത് ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി ബസ്സിൽ കയറിയത്. കോട്ടയം എത്തുന്നതിന് ഏതാനും കിലോമീറ്റർ മുൻപായി ബസ്സ് ഡ്രൈവറുടെ സീറ്റിന് സമീപത്തായി ഇരുന്ന യാത്രക്കാരി ശർദ്ദിക്കുകയും ബസ്സിനുള്ളിൽ കുഴഞ്ഞ് വീണ് ബോധരഹിതയാവുകയുമായിരുന്നു. യാത്രക്കാരുടെ തിരക്ക് മൂലം ബസ്സിനുള്ളിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു സുജാത. എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ പലരും മടിച്ച് നിന്നപ്പോൾ സുജാത മധു ഉടൻ ബസ്സിന് മുൻ വശത്തേക്ക് ഓടിയെത്തുകയായിരുന്നു. കുഴഞ്ഞ് വീണ സ്ത്രീയെ ശരിയാം വിധം കിടത്തി 10 മിനിട്ടോളം സി.പി.ആർ. നൽകിയതിനെ തുടർന്നാണ് ഇവർക്ക് ബോധം വീണ്ടു കിട്ടിയത്. തുടർന്ന് ഇതേ ബസ്സിൽ തന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉദയനാപുരം ഇരുമ്പൂഴിക്കര സ്വദേശി ബിന്ദു (50) അപകടനില തരണം ചെയ്തതായും കൃത്യസമയത്ത് പ്രഥമശുശ്രൂഷ കൊടുത്തതിനാലാണ് ഇവരുടെ ജീവൻ രക്ഷിക്കാനായതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.