ചെമ്പ് പഞ്ചായത്ത് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
തലയോലപ്പറമ്പ്: പാലക്കാട് മരിച്ചനിലയിൽ കണ്ടെത്തിയ തലയോലപ്പറമ്പ് തലപ്പാറ സ്വദേശിയായ ചെമ്പ് പഞ്ചായത്ത് ജീവനക്കാരൻ വിപിൻ ദാസ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. തലയോലപ്പറമ്പ് തലപ്പാറ വി.എസ് നിവാസിൽ കെ.വി. വിപിൻ ദാസ് (40) ൻ്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പാലക്കാട് വാളയാർ വന മേഖലയോട് ചേർന്ന് സാധാരണ ആരും കടന്ന് ചെല്ലാത്ത മേഖലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്നും ആധാർ കാർഡും ലഭിച്ചിരുന്നു. വൈക്കം നഗരസഭയിൽ ജോലിഭാരം താങ്ങാനാവാതെയാണ് വിപിൻദാസ് ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കായി ആറ് മാസം മുമ്പ് ചുമതലയേറ്റതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കെ.കെ. രമേശൻ പറഞ്ഞു.
വിപിൻദാസ് ബി.എൽ.ഒ കൂടിയായിരുന്നെങ്കിലും ജോലി തുടങ്ങുന്നതിന് മുമ്പ് ഒക്ടോബർ അവസാനമാണ് കാണാതായത്. എന്നാൽ വിപിനെ തെരഞ്ഞെടുപ് ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നതായും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമേശൻ പറയുന്നുണ്ട്. പാലാരിവട്ടത്ത് ഭാര്യവീട്ടിൽ നിന്നാണ്, ആധാർ കാർഡും രണ്ടായിരം രൂപയുമായി ഇയാൾ പോയതെന്നാണ് വിവരം. ജോലി സ്ഥലത്തും വീട്ടിലും എത്താതെ വന്നതോടെയാണ് പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് വാളയാർ പോലീസ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. വാളയാർ കൊങ്ങാംപാറയെന്ന ആളൊഴിഞ്ഞ സ്ഥലത്താണ് വിപിൻ ദാസിൻ്റെ മൃതദ്ദേഹം കണ്ടത്.