ദേവസ്വം അസി. കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി
വൈക്കം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള സി.ബി.ഐ. അന്വേഷിക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക, ദേവസ്വം ക്ഷേത്രഭരണം സർക്കാർ വിട്ടൊഴിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം അസി. കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എസ്. ബിജു മാർച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളുട കോടികൾ വില വരുന്ന തിരുവാഭരണങ്ങളും, അമൂല്യ വസ്തുക്കളും, വിഗ്രഹങ്ങളും അടക്കം കൊള്ളയടിക്കപ്പെടുകയാണെന്ന് ഇ.എസ്. ബിജു പറഞ്ഞു. ദേവന്റെ സ്വത്ത് സംരക്ഷിക്കാൻ രൂപീകരിച്ച ദേവസ്വം ബോർഡിന്റെ ഭരണ ചുമതല വഹിക്കുന്ന ഭാരവാഹികളും, ഉദ്യോഗസ്ഥരും അടക്കം ഈ തട്ടിപ്പിൽ പങ്കാളികളാണെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. വൈക്കം ക്ഷേത്രത്തിൽ ഭക്തജനങ്ങൾ സമർപ്പിച്ച സ്വർണാഭരണങ്ങളിൽ 255 ഗ്രാം 830 മില്ലിഗ്രാം സ്വർണ്ണം ആണ് കൊള്ളചെയ്യപ്പെട്ടത്. ദേവസ്വം സ്റ്റോർ റൂമിൽ മുദ്ര പൊതിയായി സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിലാണ് കുറവ് വന്നതായി ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുള്ളത്. നിരീശ്വരവാദികളായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിൽ തിരുകി കയറ്റി ദേവസ്വം സ്വത്ത് കൊള്ളയടിക്കാനുള്ള ആസൂത്രിത പദ്ധതിക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് നേതൃത്വം കൊടുത്തതെന്ന് ഇ.എസ്. ബിജു പറഞ്ഞു. താലൂക്ക് പ്രസിഡൻ്റ് എസ്. അപ്പു,ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം പി.ജി. ബിജു കുമാർ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡൻ്റ് എം.കെ. മഹേഷ്, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം വി.എൻ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ സഹ സംഘടന സെക്രട്ടറി ജയചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ. കുട്ടപ്പൻ, സിന്ധു ജയചന്ദ്രൻ. വാസുദേവൻ നായർ, എ.എച്ച്. സനീഷ്, അമ്പിളി സുനിൽ, അഡ്വ.കെ അജിത് ബാബു, സി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.