ധീവരസഭയുടെ സത്യഗ്രഹ ശതാബ്ദി സമ്മേളനം 21ന്
വൈക്കം: അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനം 21 ന് വൈക്കത്ത് നടക്കും. സമ്മേളന ഭാഗമായി വേലുക്കുട്ടി അരയൻ നഗറെന്ന് പേരിട്ട വൈക്കം സത്യഗ്രഹ സ്മാരക ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ധീവരസഭ ജനറൽ സെക്രട്ടറിയായി 50 വർഷം പൂർത്തിയാക്കിയ വി. ദിനകരൻ എക്സ് എം.എൽ.എയെ ആദരിക്കും. സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ് എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ധീവരസഭ പ്രസിഡൻ്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.കെ. ദിനേശൻ വി. ദിനകരനെ ആദരിക്കും. ആമചാടി തേവന് വേണം സർക്കാർ സത്യഗ്രഹ സ്മാരകം വൈക്കത്ത് നിർമ്മിക്കേണ്ടത് എന്നാണ് ധീവരസഭയുടെ കൂട്ടായ തീരുമാനമെന്ന് വി. ദിനകരൻ പറഞ്ഞു.
സത്യാഗ്രഹ ഭൂമിയായ വൈക്കത്ത് പോലും ഇപ്പോഴും ജാതി വേർതിരിവ് നിലനിൽക്കുകയാണെന്നും, താന്ത്രിക വിദ്യ പഠിച്ചവരിൽ കഴിവുള്ളവരെ തൊലിയുടെ നിറം നോക്കാതെ ക്ഷേത്രങ്ങളിൽ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി. ദിനകരൻ പറഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. ശബരിമലയിലെ മാത്രമല്ല, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തി അതിൻ്റെ കണക്കെടുത്ത് തട്ടിപ്പ് ഉണ്ടെങ്കിൽ കുറ്റകാർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തയ്യാറാകണം.
ക്ഷേത്രഭരണം വിശ്വാസികളെ ഏല്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വൈക്കം പ്രസ്ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. 50 വർഷം പൂർത്തിയ്ക്കുന്ന ജനറൽ സെക്രട്ടറി വി. ദിനകരനെ സമ്മേളന ദിവസം രാവിലെ പടിഞ്ഞാറെ ഗോപുരനടയിൽ നിന്ന് ആഘോഷപൂർവ്വമാണ് വേലുക്കുട്ടി അരയൻ നഗറിലേക്ക് ആനയിക്കുന്നതെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ശിവദാസ് നാരായണൻ പറഞ്ഞു. ധീവരസഭ പ്രസിഡൻ്റ് എം.വി. വാരിജാക്ഷന്‍,കോട്ടയം ജില്ലാ സെക്രട്ടറി വി. എം. ഷാജി എന്നിവരും പത്രസമ്മേനത്തിൽ പങ്കെടുത്തു.