ധനുമാസ തിരുവാതിര നാളെ
എസ്. സതീഷ്കുമാർ
ധനുമാസത്തിലെ തിരുവാതിര നാളെ രാത്രി തുടങ്ങി മറ്റന്നാൾ വൈകിട്ട് വരെ. നാളെ രാത്രിയാണ് ഇത്തവണ ധനുമാസ തിരുവാതിര ചടങ്ങുകൾ. നാളെ വൈകിട്ട് മകയിരം നക്ഷത്രമായതിനാൽ എട്ടങ്ങാടി നിവേദ്യം നാളെയാണ് നടത്തേണ്ടത് തിരുവാതിരയും ഉറക്കമിളക്കലും പാതിരാ പൂചടലും നാളെയാണ്. എന്നാൽ ആർദ്രാ വൃതം മറ്റന്നാളാണ്. ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായിട്ടാണ് ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നത്. വിവാഹിതകൾ ദീർഘമംഗല്യത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർത്ഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നുമാണത്രെ ഐതീഹ്യം. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര. മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണെന്നും പറയപ്പെടുന്നു.

മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണത്രെ. മകയിരം നോയമ്പ് ഒരിക്കലോടെയാണ്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. അതായത് നാളെ രാത്രി കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്, കരിമ്പും മറ്റും ചേർത്തുള്ളതാണ് എട്ടങ്ങാടി. ഗണപതിക്കും ശിവനും പാർവതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കും.
തിരുവാതിര വ്രതാനുഷ്ഠാനത്തെപ്പറ്റി പറഞ്ഞാൽ
തിരുവാതിര ദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമം.. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർവതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യാം.
സിന്ദൂരം അണിയുമ്പോൾ
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ" എന്ന മന്ത്രം മൂന്നുതവണ ജപിക്കണം.
ഭക്ഷണമായലോ അതിങ്ങനെ.
അന്നേദിവസം അരിയാഹാരം ഒഴിവാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം.
പ്രാർത്ഥനകൾ ഇങ്ങനെയാകണം.
പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും കൂവളമാല സമർപ്പിക്കുന്നതും ഉത്തമം .
ദാമ്പത്യ ഐക്യത്തിനാണെങ്കിലൊ
ഭാര്യാഭർതൃ ഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വരനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് ഓം നമഃ ശിവായ ശിവായ നമഃ എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കുന്നത് അത്യുത്തമമാണ്.
നാളത്തെ പാതിരപൂചൂടൽ ചടങ്ങേ ഇങ്ങനെയാണ്
തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ ഇവരെ അനുഗമിച്ചുകൊണ്ട് ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും.
വ്രതദിനത്തിൽ ഭക്തിയോടെ കൂടേണ്ട ദശപുഷ്പങ്ങളും, ഓരോ പൂവ് ചൂടുന്നതിനുമുള്ള ഫലങ്ങളാണെങ്കിൽ ഓരോന്ന് പറയാം
- കയ്യോന്നി - ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം.
- മുക്കുറ്റി - പാർവതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും.
- കൃഷ്ണക്രാന്തി- മഹാവിഷ്ണുവാണു ദേവൻ. കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും.
- തിരുതാളി- മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.
- കറുക- ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും.
- പൂവാംകുരുന്നില- ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്.
- മുയല്‍ചെവിയന്‍ -കാമൻ ദേവത. മംഗല്യസിദ്ധിക്കാണ് മുയല്‍ചെവിയന്‍ ചൂടാറുള്ളത്.
- ഉഴിഞ്ഞ- ഇന്ദ്രാണിയാണു ദേവത. അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം.
- ചെറൂള - യമദേവനാണു ദേവൻ. ആയുസ്സു വർധിക്കുമെന്നാണു വിശ്വാസം.
- നിലപ്പന- ഭൂമിദേവിയാണു ദേവത. പാപങ്ങൾ അകന്നുപോകും.
തിരുവാതിരനാൾ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കണം.
ഇതാണത്രെ നമ്മുടെ ധനുമാസ തിരുവാതിര