എസ്.എൻ.ഡി.പി യോഗം ദേശപൂത്താലം 3ന്
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം മൂന്നാം നാളായ 3ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ ദേശപൂത്താലം നടത്തും. വൈക്കം ആശ്രമം സ്കൂളിൽ നടക്കുന്ന പ്രാർത്ഥനക്ക് ശേഷം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനീഷ് ദീപം തെളിക്കുന്നതോടെ പൂത്താലം ആരംഭിക്കും. ആശ്രമം സ്കൂളിൽ നിന്നും കച്ചേരിക്കവലയിലെ ഗുരു മന്ദിരത്തിൽ എത്തി പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. എസ്.എൻ.ഡി.പി യോഗം വനിതാസംഘം യൂണിയന് പുറമേ ധീവരസഭ, കെ.പി.എം.എസ് തുടങ്ങിയ സംഘടനകളും പൂത്താലത്തിൽ അണിചേരും. അഷ്ടമി മൂന്നാം ഉത്സവം എസ്.എൻ.ഡി.പി യോഗം യൂണിയൻ്റെ അഹസ്സായാണ് നടത്തുന്നത്. അന്നത്തെ പ്രാതലും കലാപരിപാടികളും അടക്കം ഉത്സവം പൂർണ്ണമായും യൂണിയനാണ് നടത്തുക. യോഗം ജനറൽ സെക്രട്ടറി അഹസ്സിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തും. വൈക്കത്തിൻ്റെ നവോത്ഥാന പൈതൃകം ഉയർത്തിപ്പിടിക്കുവാൻ മറ്റാരേക്കാളും എസ്.എൻ.ഡി.പി പ്രസ്ഥാനത്തിന് ബാദ്ധ്യതയുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് വൈക്കം സത്യഗ്രഹം നൂറ് വയസ്സ് പിന്നിടുമ്പോഴും അതിന് വേദിയായ വൈക്കം ക്ഷേത്രത്തിലേക്ക് ജാതി താലപ്പൊലികൾ വേണ്ടെന്നും ദേശ താലപ്പൊലികൾ മതിയെന്നുമുള്ള ഉറച്ച തീരുമാനത്തിലേക്ക് യൂണിയൻ എത്തിയതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.