എയിംസ് : മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം

വൈക്കം: കോട്ടയം ജില്ലയിലെ വെള്ളൂരിൽ എയിംസ് സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം എം.എൽ.എ. സി.കെ. ആശ അവതരിപ്പിച്ച സബ്മിഷന് മന്ത്രിമാർ നൽകിയ മറുപടി വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എയിംസ് ആക്ഷൻ കൗൺസിംഗ് ആരോപിച്ചു.
കേന്ദ്ര മാനദണ്ഡമനുസരിച്ച് നാല് സ്ഥലങ്ങൾ നിർദ്ദേശിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി വിധിയും നിലവിലുണ്ട്. കേന്ദ്ര അനുമതിയില്ലാതെ കിനാനല്ലൂരിൽ സംസ്ഥാന സർക്കാർ പണം ചെലവഴിച്ചതിനേയും ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. വെള്ളൂരിലെ എഴുനൂറ് ഏക്കറും ഇപ്പോൾ ഉപയോഗത്തിലാണെന്ന വ്യവസായ വകുപ്പ് മന്ത്രിയുടെ അഭിപ്രായവും വാസ്തവ വിരുദ്ധമാണ്. വെള്ളൂരെ സ്ഥലം കൂടി ഉൾപ്പെടുത്തി കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിക്കണമെന്നും ഇതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകളും മുഴുവൻ രാഷ്ടീയ പാർട്ടികളും മുന്നിട്ടിറങ്ങണമെന്നും എയിംസ് ആക്ഷൻ കൗൺസിൽ ഭാരവാഹിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പി.ജി.എം. നായർ കാരിക്കോട് ആവശ്യപ്പെട്ടു