ഹരിത അഷ്ടമി പ്രഹസനം മാത്രം: നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു
എസ്. സതീഷ്കുമാർ
വൈക്കം: അഷ്ടമി ഉൽസവ ദിനങ്ങളിൽ ആയിരങ്ങൾ എത്തുന്ന വൈക്കം നഗരഹൃദയത്തിൽ മാലിന്യം കുന്ന് കൂടുന്നു. അന്ധകാര തോടിന് സമീപം നഗരസഭയുടെ ശുചിമുറിയുടെ സമീപമാണ് ചാക്ക് കണക്കിന് മാലിന്യം ദിവസങ്ങളായി കിടക്കുന്നത്. വഴിയോര കച്ചവടക്കാരും ഭക്ഷണശാലകളും തള്ളുന്ന മാലിന്യമാണ് പടിഞ്ഞാറെ നടയിൽ നിന്ന് കാലാക്കൽ ഭാഗത്തേക്കുള്ള റോഡിൻ്റെ തുടക്കഭാഗത്ത് കൂടി കിടക്കുന്നത്. മാലിന്യത്തിൽ നിന്നുള്ള മലിനജലമടക്കം റോഡിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയിലായിട്ടും ഇത് നീക്കാൻ നഗരസഭ യാതൊരു നടപടിയും എടുക്കാത്തതിനാൽ പ്രതിഷേധം ഉയരുന്നുണ്ട്. ഹരിത അഷ്ടമി വിളബരജാഥയടക്കം നടത്തിയ നഗരസഭയും ഉദ്യോഗസ്ഥരുമാണ് പ്ലാസ്റ്റിക് മാലിന്യമടക്കം തിരക്കേറിയ പ്രധാന സ്ഥലത്ത് കിടന്നിട്ടും അലംഭാവം തുടരുന്നത്. കാലാക്കൽ റോഡിലെ ഗതാഗതം തടസപ്പെടുന്ന രീതിയിലും ശുചിമുറിയിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയിലും ഇവിടെ മാലിന്യം കുന്നുകൂടി കിടന്നിട്ടും നഗരസഭ മാത്രം സംഭവം അറിഞ്ഞിട്ടില്ലെന്നാണ് പരാതി.