ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു
വൈക്കം: വൈക്കം - തവണക്കടവ് ബോട്ട് സർവ്വീസിനിടയ്ക്ക് ചൊവ്വാഴ്ച്ച വൈകിട്ട് 6.20 ന് വൈക്കത്ത് നിന്ന് പുറപ്പെട്ട എസ് 61 ബോട്ടിൽ വച്ച് ലാസ്ക്കർ രാംജിത്ത് ജോഷിക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ജീവനക്കാരൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിരന്തരം ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിലിൻ്റെയും സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെയും നേതൃത്വത്തിൽ വൈക്കം ബോട്ട്ജെട്ടിയിൽ പ്രതിഷേധയോഗം നടത്തി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്തു. വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ മേഖലാ സെക്രട്ടറി ശ്യാംരാജ് പി.ആർ, എസ്. പ്രസന്നൻ, സുമിത് കെ.എം, ആർ. പത്മജൻ, ബിനു. സി.വി. എന്നിവർ സംസാരിച്ചു.