ജന്മാന്തര പുണ്യം പകർന്ന് അഷ്ടമി ദർശനം
ആർ. സുരേഷ് ബാബു
വൈക്കം: ശൈവചൈതന്യം അനുഗ്രഹവർഷമായി പെയ്തിറങ്ങിയ വൃശ്ചിക പുലരി. ശിവപഞ്ചാക്ഷരിയുടെ നിറവിൽ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി. സർവ്വാഭരണ വിഭൂഷിതനായ അന്നദാനപ്രഭുവിന്റെ ദിവ്യരൂപം ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. പുലർച്ചെ നടതുറന്ന് തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം 4.30ന് അഷ്ടമിദർശനത്തിനായി നടതുറന്നു. നാനാദേശങ്ങളിൽ നിന്നെത്തി, കുളിച്ച് ശുദ്ധരായി ഈറനണിഞ്ഞ് ദക്ഷിണാമൂർത്തിയുടെ ദർശന പുണ്യത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ നിര രാവേറെയാകും മുൻപെ ക്ഷേത്ര ഗോപുരങ്ങളും കടന്ന് പുറത്തേയ്ക്ക് നീണ്ടു.

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ആൽമരചുവട്ടിൽ തപസ്സനുഷ്ടിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കിയെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് വിഭവങ്ങൾ വിളമ്പുന്നതോടെ അന്നദാനപ്രഭുവിന്റെ പെരുംതൃക്കോവിലഗ്രശാലയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമാകും. നൂറ്റിയിരുപത്തിയൊന്ന് പറ അരിയുടെ പ്രാതലാണ് അഷ്ടമി പ്രസാദമായി ദേവസ്വംബോർഡ് ഭക്തജനങ്ങൾക്ക് ഒരുക്കുന്നത്.
