|
Loading Weather...
Follow Us:
BREAKING

ജോസ് കെ. മാണിയുടെ മുന്നണി മാറ്റം വെറും മാധ്യമസൃഷ്ടി: യു.ഡി.എഫ് കൺവീനർ

ജോസ് കെ. മാണിയുടെ മുന്നണി മാറ്റം വെറും മാധ്യമസൃഷ്ടി: യു.ഡി.എഫ് കൺവീനർ
അടൂർ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ മുന്നണി മാറ്റം വെറും മാധ്യമ സൃഷ്ടിയാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. കേരള കോൺഗ്രസ് (എം) ചെയർമാനുമായി യു.ഡി.എഫ് യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും ഈ വാർത്തകളുടെ സ്രോതസ്സ് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. യു.ഡി.എഫിലേക്ക് വരാൻ ആരെയും നിർബന്ധിക്കില്ലെന്നും താൽപ്പര്യമുള്ളവർ മുന്നണിയിലേക്ക് വരുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ​നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ 'വിസ്മയം' നടക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും യു.ഡി.എഫ് അത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ എ.ഐ.സി.സി ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം, യു.ഡി.എഫ് നേതൃത്വം ചർച്ചകൾ നിഷേധിക്കുമ്പോഴും കേരള കോൺഗ്രസിനുള്ളിൽ അണിയറ നീക്കങ്ങൾ സജീവമാണെന്നാണ് സൂചനകൾ. മുന്നണി മാറ്റമുണ്ടായാലും എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കാനാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നീക്കം. ഇക്കാര്യത്തിൽ ഇടത് നേതാക്കൾ റോഷിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ജോസ് കെ. മാണിയുടെ നിലപാട് എന്തായാലും മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി പാർട്ടിയിൽ നിർണായകമാകും. എന്നാൽ മുന്നണി മാറ്റ ചർച്ചകളിൽ പ്രസക്തിയില്ലെന്ന് പ്രമോദ് നാരായണൻ എം.എൽ.എയും പ്രതികരിച്ചു.