|
Loading Weather...
Follow Us:
BREAKING

കർപ്പൂരദീപങ്ങൾ സാക്ഷി: ഋഷഭവാഹനമേറി ശ്രീ മഹാദേവൻ

കർപ്പൂരദീപങ്ങൾ സാക്ഷി: ഋഷഭവാഹനമേറി ശ്രീ മഹാദേവൻ
വൈക്കത്തഷ്ടമി ഏഴാം ദിവസം നടന്ന ഋഷഭവാഹനം എഴുന്നള്ളത്ത് ഫോട്ടോ: ഉമേഷ് നായർ

ആർ. സുരേഷ്ബാബു

വൈക്കം: ശൈവ ചൈതന്യം പെയ്തിറങ്ങിയ വൃശ്ചിക രാത്രി. ശൈവർക്ക് അനുഗ്രഹ വർഷം ചൊരിയാൻ ഋഷഭവാഹനമേറി ശ്രീമഹാദേവൻ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുടെ ഭാഗമായി നടന്ന ഋഷഭവാഹനം എഴുന്നള്ളിപ്പ് ഭക്തജനങ്ങൾക്ക് സായൂജ്യമായി. വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭവാഹന എഴുന്നള്ളിപ്പ് ഇന്നലെ രാത്രിയിലാണ് നടന്നത്. ഋഷഭവാഹനം എഴുന്നളിപ്പ് ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. മഹാദേവൻ തൻ്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനമരുളുന്നുവെന്നാണ് വിശ്വാസം.  നാലടിയിലധികം ഉയരത്തിൽ, വെള്ളിയിൽ തീർത്ത കാളയുടെ പുറത്ത് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ 40ൽ പരം മൂസതുമാർ ചേർന്നാണ് ഋഷഭവാഹനം എഴുന്നള്ളിക്കുക. നാദസ്വരം, പരുഷവാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നിവയും വെള്ളി വിളക്കുകളും രണ്ട് സ്വർണ്ണക്കുടകളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, ആലവട്ടവും വെൺചാമരവും മുത്തുക്കുടകളും സായുധ പൊലീസും മഹാദേവരുടെ എഴുന്നള്ളത്തിന് അകമ്പടിയായി. വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്.