|
Loading Weather...
Follow Us:
BREAKING

കാലം കാത്തുവയ്ക്കും ഈ പോസ്റ്ററുകൾ

കാലം കാത്തുവയ്ക്കും ഈ പോസ്റ്ററുകൾ
വി.കെ. ശരവണൻ മകൾ നിള, ഭാര്യ പ്രമീള, മകൻ യദു എന്നിവർക്കൊപ്പം

വൈക്കം: ദക്ഷിണ കൊറിയയിലെ ഇൻഡക് സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പോസ്റ്റർ ആർട്ട് ബിനാലെയിൽ ഏവരുടേയും ശ്രദ്ധയാകർഷിച്ച ഒരു ചിത്രമുണ്ട്. ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ കലാകാരനായ വി.കെ. ശരവണൻ്റെ 'scream' എന്ന രചനയാണത്. നശിക്കുന്ന പ്രകൃതിയിലെ വിഷം കലരുന്ന ജീവശ്വാസമാണ് പോസ്റ്ററിൻ്റെ പ്രമേയം.  നോർവീജിയൻ ചിത്രകാരനായ എഡ്വേർഡ് മങ്കിൻ്റെ സ്ക്രീം എന്ന പ്രശസ്ത ചിത്രത്തിലെ മുഖം നെഞ്ചിൻകൂടിനുള്ളിൽ തെളിയുന്നതായി പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നു.

2025ൽ ബിനാലെയ്ക്ക് തിരഞ്ഞെടുത്ത പോസ്റ്റർ ആര്ട്ട്

തേവര എസ്.എച്ച്. കോളേജിലെ ഡിസൈൻ വിഭാഗത്തിൽ അസി.പ്രൊഫസറായ വി.കെ. ശരവണൻ്റെ പോസ്റ്ററുകൾ ഇതിനുമുമ്പും അന്താരാഷ്ട്ര പോസ്റ്റർ ആർട്ട് ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പോസ്റ്റർ ഡിസൈനിംഗിൽ നിരവധി അവാർഡുകളും ശരവണനെ തേടിയെത്തിയിട്ടുണ്ട്. സ്മൃതി സമൃദ്ധമായ ഇന്നലെകളിൽ നിന്നുകൊണ്ട് ഇന്നിൻ്റെ തീഷ്ണ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രങ്ങൾ. നാം മാറേണ്ട സമയം കടന്നുപോയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ. നാളെയുടെ വസന്ത സ്വപനങ്ങൾ കൂടിയാണവ.

2024 പെപ്പർ അവാർഡ് ലഭിച്ച പാക്കേജിങ് ഡിസൈൻ

ക്ഷേത്ര നഗരിയായ വൈക്കത്ത് വേമ്പനാട്ട് കായലിൻ്റെ തീരത്ത് നഗരവും കായലുമായി അതിരിടുന്ന പോളശ്ശേരിയിലെ വാടക്കുഴി വീട്ടിലാണ് ശരവണൻ ജനിച്ചു വളർന്നത്. വേമ്പനാട്ട് കായലുമായുള്ള ആ ആത്മബന്ധമാണ് കായലിൻ്റെ മുഖം അനുദിനം വികൃതമാക്കുന്ന, മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടേയും ആവാസവ്യവസ്ഥയെ അപ്പാടെ നശിപ്പിക്കുന്ന കായൽ മലിനീകരണം ശരവണൻ്റെ പോസ്റ്ററിന് വിഷയമാകുന്നതും, അത് ബിനാലെയിൽ ശ്രദ്ധയാകർഷിക്കുന്നതും. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ രാജ്യത്താദ്യമായി നടന്ന സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കം മഹാദേവക്ഷേത്രത്തിൻ്റെ പരിസരത്തെ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നതിനെതിരെ നടന്ന ആ മഹാസമരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ ഭരണ സിരാകേന്ദ്രമായിരുന്ന ബ്രിട്ടീഷ് പാർലമെൻ്റിൽ പോലും ഈ കൊച്ചു പട്ടണം സാന്നിദ്ധ്യമറിയച്ചത് ചരിത്രമാണ്. ആ നവോത്ഥാന പാരമ്പര്യത്തിൻ്റെ രക്തം സിരകളിലൊഴുകുന്നതാവണം വൈക്കം സത്യഗ്രഹം ശതാബ്ദി പിന്നിടുമ്പോഴും മഹാദേവ ക്ഷേത്രത്തിൽ തുടരുന്ന ജാത്യാചാരങ്ങൾക്കെതിരെ പ്രതികരിക്കാൻ ശരവണന് പ്രചോദനമായത്. നമ്മുടെ പൂർവ്വികർ തിരുത്തിയെഴുതിയ ചരിത്രത്തിൻ്റെ ഇരുളിലേക്ക് നാം തിരിഞ്ഞു നടക്കുകയാണെന്ന് "backwards" എന്ന ശരവണൻ്റെ രചന നമ്മോട് ഉറക്കെ വിളിച്ചു പറയുന്നു.

പറയാതെ പറഞ്ഞ കഥാവസാനം

ആ കഥ ഹെൽമെറ്റിനേക്കുറിച്ചായിരുന്നു. എൺപത് പേജുകളിലായാണ് ശരവണൻ അത് ചിത്രീകരിച്ചത്. അശ്വതി എന്ന അമ്മ പിറന്നാൾ ദിനത്തിൽ അജയ് എന്ന മകന് ഒരു ബൈക്ക് സമ്മാനമായി വാങ്ങി നൽകുന്നു. മകൻ അതുമായി പറപ്പിച്ചു പോയി. ഒരു പേജിൽ ആ കഥ തീരുന്നു. ബാക്കി പേജുകളിൽ പറയാതെ പറയുന്ന മരണം ആ മൗനത്തിൽ ഘനീഭവിച്ചു കിടന്നിരുന്നു. തേവര കോളേജ് സ്ക്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസിന് വേണ്ടി തയ്യാറാക്കിയതായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ട ആ പുസ്തകം. 

ഡൽഹി സാംസ്കാരിക വകുപ്പ് മന്ത്രാലയത്തിന് വേണ്ടി ഡിസൈൻ ചെയ്ത കോഫി ടേബിൾ ബുക്ക്

പരസ്യകലയിൽ പിന്നിടുന്ന മൂന്ന് പതിറ്റാണ്ടുകൾ

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും അപ്ലൈഡ് ആർട്സിൽ ബിരുദവും, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദവും നേടി. ലോകത്തിലെ മികച്ച പരസ്യകലാ സ്ഥാപനമായ BBDO ഉൾപ്പടെ ഇന്ത്യയിലും വിദേശത്തുമായി പരസ്യകലാരംഗത്ത് ആർട്ട് ഡയറക്ടറായി മൂന്ന് പതിറ്റാണ്ടുകൾ. കേരളത്തിൽ ജോയ് ആലുക്കാസ്, ജെലീറ്റ അഡ്വെർടൈസിംഗ് എന്നിവിടങ്ങളിൽ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ചു.

ജൂബിലി പ്രൊഡക്ഷൻസിന്റെ "എവിടെ' എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ടൈറ്റിൽ ഡിസൈൻ

ആസ്റ്റർ മെഡിസിറ്റി, ജോയ് ആലുക്കാസ്, പുളിമൂട്ടിൽ സിൽക്‌സ്, ടേസ്റ്റി നിബിൾസ്, ആർട്ടിക് ബാത്ത്, സെന്റ് പോൾസ് ആയുർവേദ തുടങ്ങിയ കേരളത്തിലെ പ്രമുഖ ബ്രാൻഡുകൾക്ക് വേറിട്ട ഡിസൈനുകളിലൂടെ പുതിയ രൂപവും ഭാവവും നൽകി. കേന്ദ്ര മിനിസ്ട്രി ഓഫ് കൾച്ചറിന്റെ "ഫെസ്റ്റിവൽ ഓഫ് ഇന്ത്യ" യുടെ രൂപകൽപ്പനയും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്. പെപ്സി, എമിറേറ്റ്സ് എയർലൈൻസ്, ജോൺസൺ ആൻ്റ് ജോൺസൺ, ഗില്ലറ്റ്, ലെയ്സ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാനൻഡുകൾക്കു വേണ്ടി ചെയ്തിട്ടുള്ള ഡിസൈൻ ജോലികൾ ഈ രംഗത്തു കൂടുതൽ അനുഭവം നേടുവാനും,  അതുപോലെ അന്താരാഷ്ട്ര പ്രശസ്തരായ ആർട്ട് ഡയറക്‌ടേഴ്‌സിന്റെ കൂടെയുള്ള ഡിസൈൻ പ്രവർത്തനങ്ങൾ ഒരു ഡിസൈനർ എന്ന നിലയിൽ മികച്ച അനുഭവങ്ങൾ നേടാൻ സഹായകരമായി.

ജോൺസൻ ആൻഡ് ജോൺസൻനു വേണ്ടിയുള്ള ഡിസൈൻ

അംഗീകാരങ്ങളുടെ തിളക്കം

ഡിസൈൻ രംഗത്തെ മികവിന് നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 2016, 2017, 2024 വർഷങ്ങളിൽ തെക്കേ ഇന്ത്യയിലെ മികച്ച ഡിസൈൻ അവാർഡായ 'പെപ്പർ ക്രീയേറ്റീവ് അവാർഡ്' ഇദ്ദേഹത്തിന് ലഭിച്ചു. 2024-ൽ ദേശീയ വിഭാഗത്തിലും കേരള വിഭാഗത്തിലുമായി ഗോൾഡ്, സിൽവർ അവാർഡുകൾ ഉൾപ്പെടെ 5 അവാർഡുകളാണ് നേടിയത്.

ദക്ഷിണ കൊറിയ പോസ്റ്റർ ആർട്ട് ബിനാലെയിലെ അംഗീകാരം

മികച്ച പാക്കേജിങ് ഡിസൈനിനും, പൊതുജന ക്ഷേമ വിഷയങ്ങളിലുള്ള ഡിസൈനുകൾക്കുമാണ് ഈ അവാർഡുകൾ ലഭിച്ചത്.​ കേരള ലളിതകലാ അക്കാഡമിയുടെ വാർഷിക ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി എക്സിബിഷനിൽ ശരവണൻ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. കൂടാതെ സൗത്ത് കൊറിയയിൽ നടന്നുവരുന്ന പോസ്റ്റർ ആർട്ട് ബിനാലെയിൽ 2021-ലും 2025-ലും പരിസ്ഥിതി, സാമൂഹിക വിഷയങ്ങൾ ആസ്പദമാക്കി നടത്തിയ ഡിസൈനുകൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പെപ്പർ അവാർഡുകൾ

കലയും ജീവിതവും

തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡിസൈൻ ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതിനൊപ്പം, കേരളത്തിലെയും ദുബായിലെയും വിവിധ ബ്രാൻഡുകൾക്ക് വേണ്ടി ഡിസൈൻ കൺസൾട്ടന്റായും പ്രവർത്തിക്കുന്നു. വാണിജ്യപരമായ പ്രോജക്റ്റുകൾക്കിടയിലും, നമുക്ക് ചുറ്റുമുള്ള സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിൽ ഡിസൈൻ പ്രവർത്തനങ്ങൾ നടത്തുമ്പോളാണ് മാനസികമായി സംതൃപ്തി ലഭിക്കാറുള്ളതെന്ന് ഇദ്ദേഹം പറയുന്നു.​ ഒരു ജോലിയെന്നതിലുപരി, ആർട്ടും ഡിസൈനും ഫോട്ടോഗ്രാഫിയും ഒരു പാഷനായി ഇനിയും മുന്നോട്ട് കൊണ്ടുപോകാനാണ്  ആഗ്രഹിക്കുന്നത്.

പുളിമൂട്ടിൽ സിൽക്സിന് വേണ്ടിയുള്ള പരസ്യം

അനുഭവസമ്പത്തും, അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരങ്ങളും ഈ കലാകാരന്റെ മേഖലയിലെ അചഞ്ചലമായ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കോട്ടയം ജില്ലാ ഓഫീസിൽ ഉദ്യോഗസ്ഥയാണ് ഭാര്യ പ്രമീള. അച്ഛൻ്റെ പാത പിന്തുടരുന്നവരാണ് മക്കൾ രണ്ടുപേരും. മകൻ യദു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പഠനശേഷം ദുബായിൽ പാക്കേജിങ് ഡിസൈനർ ആയി ജോലി ചെയ്യുന്നു. മകൾ നിള കോട്ടയം സെൻ്റ് ഗിറ്റ്സ് ഡിസൈൻ സ്ക്കൂളിൽ കമ്മ്യൂണിക്കേഷൻ ഡിസൈൻ വിദ്യാർത്ഥിനിയാണ്.