കെ.എസ്.കെ.ടി.യു. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ് അനുസ്മരണം സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചും ഉജ്ജ്വലമായ സമരങ്ങളിലൂടെ അവർക്ക് വേണ്ട അവകാശങ്ങൾ നേടിയെടുക്കാനും പഠിപ്പിച്ച അതുല്യനായ വിപ്ലവകാരിയായിരുന്നു വി. എസ് അച്യുതാനന്ദനെന്ന് മുതിർന്ന സി.പി.എം. നേതാവ് വൈക്കം വിശ്വൻ പറഞ്ഞു. പുന്നപ്ര-വയലാർ സമരത്തിന് നിർണായകമായ നേതൃത്വമേകിയ വി.എസ് ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുവാനും അവയ്ക്ക് പരിഹാരം ഉണ്ടാക്കുവാനും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചുവെന്നും അതോടൊപ്പം അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാനും നിലപാടുകൾ സ്വീകരിച്ചുവെന്നും വൈക്കം വിശ്വൻ പറഞ്ഞു. വി.എസ്സിൻ്റെ വേർപാടിൽ അനുശോചിച്ച് കെ.എസ്.കെ.ടി.യു. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടയാറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.കെ.ടി.യു. ഏരിയ പ്രസിഡന്റ് വി.കെ രവി അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, ഏരിയാ സെക്രട്ടറി ഡോ. സി. എം കുസുമൻ, കെ. വിജയൻ, എ.പി. ജയൻ, കെ.ടി. സുഗണൻ, അഡ്വ. എൻ. ചന്ദ്രബാബു, ലോക്കൽ സെക്രട്ടറി ടി.വി. ബിജു, യൂണിയൻ ജില്ലാ ട്രഷറർ എം.പി. ജയപ്രകാശ്, മേഖലാ സെക്രട്ടറി എം.ജി. അപ്പു തുടങ്ങിയവർ പ്രസംഗിച്ചു.