കേരള പിറവി ദിനത്തിൽ റേഷൻ വ്യാപാരികൾ വൈക്കം താലൂക്ക് സപ്ലൈ ആഫീസിന് മുൻപിൽ ധർണ്ണാ സമരം നടത്തും
വൈക്കം: റേഷൻ വ്യാപാരികൾ കേരള പിറവിദിനമായ നവംബർ മാസം 1ന് വൈക്കം താലൂക്ക് സപ്ലൈ ആഫീസിന് മുൻപിൽ ധർണ്ണാ സമരം നടത്തുന്നതിന് റേഷൻ വ്യാപാരികളുടെ കോ-ഓർഡിനേഷൻ കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണാ സമരത്തിൻ്റെ ഭാഗമായിട്ടാണ് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, കൂട്ടി നൽകാമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ച അടിസ്ഥാന വേതനം നൽകുക, ക്ഷേമ ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക. മണ്ണെണ്ണ വാതിൽപ്പടി നൽകുന്നതിനുള്ള കോടതി വിധി നടപ്പിലാക്കുക. KTPDS അപാകതകൾ പരിഹരിക്കുക, 70 വയസ്സ് തികഞ്ഞവരുടെ ലൈസൻസ് പുതുക്കി നൽകുക തുടങ്ങി ആവശ്യങ്ങൾ നിറവേറ്റി റേഷൻ വ്യാപാരികൾക്ക് നൽകിയ വാക്കു പാലിക്കണമെന്ന് ആലോചനാ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഐ. ജോർജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് അജേഷ്. പി. നായർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ഡി. വിജയൻ, എൻ.ജെ. ഷാജി, താലൂക്ക് വൈസ് പ്രസിഡൻ്റ് ജീൻഷോ ലൂക്കോസ്, ജനറൽ സെക്രട്ടറി ബിനേഷ് കുമാർ, ട്രഷറർ ജോർജ് ജോൺ എന്നിവർ പ്രസംഗിച്ചു.