പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണയാണ് മാറ്റിവച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുൻപ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല.ഫലം വൈകുന്നതിനാൽ സേ പരീക്ഷ എഴുതിയ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ പ്രതിസന്ധി നേരിടുന്നത്. ഇതിനിടെ കോളേജ് പ്രവേശന നടപടികൾ നടക്കുന്നുണ്ട്. ഇതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഫലപ്രഖ്യാപനം വൈകുന്നതിന് വിവിധ കാരണങ്ങളാണ് പറയുന്നത്. സെൻസസ് ഡ്യൂട്ടി കാരണം മൂല്യ നിർണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിച്ചില്ല എന്നതാണ് പ്രധാന കാരണമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഗൾഫ് മേഖലയിലെ പരീക്ഷകൾ യുദ്ധസാഹചര്യത്തിൽ വൈകിയിരുന്നു. സോഫ്റ്റ് വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലപ്രഖ്യാപനത്തിന് തടസമായെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരുന്നുണ്ട്. കഴിയുന്നതും ഞായറാഴ്ചക്കുമുൻ ഫലം പ്രഖ്യാപിക്കാനാണ് നീക്കം.
Comments ()