🔴 BREAKING..

കള്ള് വ്യവസായത്തോടുള്ള വിവേചനം അവസാനിപ്പിക്കണം -സി.പി.ഐ

വൈക്കം: കള്ള് ചെത്ത് വ്യവസായത്തോടുള്ള സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്നും വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്നും സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.കേരളത്തിലെ പ്രമുഖ പരമ്പരാഗത വ്യവസായമാണ് കള്ള് ചെത്ത് വ്യവസായം. ഇത് ഇന്ന് ഗുരുതരമായ തകർച്ചയെ നേരിടുന്നു. കോട്ടയം ജില്ലയിൽ മാത്രം ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ രംഗത്ത് പണിയെടുത്തിരുന്നത്. ഇന്ന് തൊഴിലാളികളുടെ എണ്ണം നാമമാത്രമായി. നിരവധി ഷാപ്പുകളുടെ പ്രവർത്തനം നിലച്ചു. കോൺട്രാക്ടർമാർ ഷാപ്പുകൾ ഉപേക്ഷിച്ച് പോകുന്ന പ്രവണത വർദ്ധിച്ചു വരുന്നു. അംഗീകൃത തൊഴിലാളികൾ ഒരാൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന ഷാപ്പുകളുമുണ്ട്.മദ്യവർജ്ജനമാണ് എൽ.ഡി.എഫിൻ്റെ പ്രഖ്യാപിത നയം. മദ്യവർജ്ജനം അടിസ്ഥാനമാക്കിയ മദ്യനയത്തിന് പകരം വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് 2017 മുതൽ സംസ്ഥാനത്ത്നടപ്പാക്കി വരുന്നത്. വിദേശ മദ്യം എവിടെയും ലഭ്യമാക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നു. സാധാരണക്കാർ പണിയെടുക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ തകർച്ചയുടെ പടുകുഴിയിലേക്ക് നയിക്കുകയാണ് സർക്കാരിൻ്റെ വികലമായ മദ്യനയം.ടോഡി ബോർഡ് ആരംഭിച്ചെങ്കിലും ഈ രംഗത്ത് ഇടപെടാൻ കഴിയുന്നില്ല. ദൂരപരിധിയുടെ കാര്യത്തിൽ വിവേചനം അവസാനിപ്പിച്ച് കള്ള് വ്യവസായത്തെ സംരക്ഷിക്കുന്ന പുതിയ മദ്യനയം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ചെത്തുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ പ്രമേയം അവതരിപ്പിച്ചു.