|
Loading Weather...
Follow Us:
BREAKING

കോടി ജന്മങ്ങളുടെ പുണ്യം പകർന്ന് വൈക്കത്ത് നാളെ അഷ്ടമി ദർശനം

കോടി ജന്മങ്ങളുടെ പുണ്യം പകർന്ന് വൈക്കത്ത് നാളെ അഷ്ടമി ദർശനം

ആർ. സുരേഷ്ബാബു

വൈക്കം: നാളെ കൃഷ്ണാഷ്ടമി. ജന്മാന്തരങ്ങളുടെ പുണ്യം പകർന്ന് വൈക്കത്ത് നാളെ അഷ്ടമി ദർശനം. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിന്റെ അന്ത്യയാമങ്ങളിലൊന്നിൽ പാർവ്വതീ സമേതനായി കൈലാസശൃംഗങ്ങളിൽ നിന്നിറങ്ങിവന്ന് ശ്രീപരമേശ്വരൻ ഭക്തശ്രേഷ്ഠനായ വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകിയെന്നാണ് വിശ്വാസം. ത്രേതായുഗത്തിലായിരുന്നു ഇത്. ആ ധന്യ മുഹൂർത്തത്തിന്റെ ഓർമ്മകളിൽ വ്യാഘ്രപാദപുരി ഭക്തിസാന്ദ്രമാകും.

വൈക്കത്ത് പെരുംതൃക്കോവിലിലെ അഷ്ടമിദർശനം പുലർച്ചെ 4.30 മുതലാണ്. താന്ത്രിക അനുഷ്ഠാനങ്ങളിൽ വ്യതിചലിക്കാതെ കണിശത പുലർത്തുമ്പോഴും മനുഷ്യഗന്ധിയായ ജീവിത മുഹൂർത്തങ്ങളുടെ സമ്പന്നതയാണ് വൈക്കം ക്ഷേത്രത്തിന്റെ സവിശേഷത.

വൈക്കം മഹാദേവരുടെ ഇഷ്ട വഴിപാടായപ്രാതലുണ്ണാനും ആയിരങ്ങൾ ക്ഷേത്രത്തിലെത്തും.

അഷ്ടമി നാൾ രാത്രിയിലെ വിളക്ക് അതിന്റെ നേർക്കാഴ്ചയാണ്. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആർഭാടപൂർണ്ണമായ ചടങ്ങുകൾക്ക് തുടക്കമാകും. താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയും മകനുമായ ഉദയനാപുരത്തപ്പനെ അച്ഛനായ വൈക്കത്തപ്പൻ സ്വീകരിക്കുന്നതാണ് അഷ്ടമിവിളക്കിന് പിന്നിലെ ഐതീഹ്യം. ദേശാധിപതിയായ മഹാദേവരുടെ സന്നിധിയിൽ നടക്കുന്ന പിതൃപുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളിൽ നിന്നുളള ദേവീദേവന്മാരുമെത്തും. കൂട്ടുമ്മേൽ ഭഗവതിയോടൊപ്പം എഴുന്നളളിയെത്തുന്ന ദേവസേനാപതിയെ വലിയകവല മുതൽ വടക്കേഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പവൃഷ്ടിയോടെയാണ് പൗരാവലി എതിരേൽക്കുക. ഈ സമയം വൈക്കത്തപ്പൻ പുത്രന്റെ വരവും കാത്ത് വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ നിൽപ്പുണ്ടാവും. ക്ഷേത്രത്തിൽ പ്രവേശിച്ച് തന്റെ സമീപത്തെത്തുന്ന പുത്രനെ വൈക്കത്തപ്പൻ സ്വന്തം സ്ഥാനം നൽകി ആദരിക്കും. ദേവീദേവന്മാർ അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരക്കും. ദേവദേവതയായ മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി, കിഴക്കുംകാവ് ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്ണു, ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്ണു, ഗോവിന്ദപുരം ശ്രീകൃഷ്ണൻ, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്ടൂർ ശാസ്താവ് എന്നിവരാണ് ദേവസംഗമത്തിൽ അണിനിരക്കുന്നത്. തുടർന്ന് ആദ്യ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കൈമൾ പല്ലക്കേറിയെത്തും. കൈമൾ കാണിക്ക അർപ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും. പിന്നെ ഭക്തജനങ്ങളുടെ ഊഴമാണ്. വിളക്കിനുശേഷം വിടപറയൽ ചടങ്ങ് നടക്കും. പ്രാപഞ്ചികമായ വൈകാരികഭാവങ്ങൾ നിറഞ്ഞുനിൽക്കുന്ന ചടങ്ങാണിത്. അച്ഛനും മകനും വിടപറയുമ്പോൾ പരിസരം ശോകമൂകമാകും. ഈ ഒരു ചടങ്ങിലേയ്ക്ക് മാത്രമായി ചിട്ടപ്പെടുത്തിയ ദുഖഖണ്ഡാര രാഗമാണ് അപ്പോൾ നാദസ്വരത്തിലൂടെ ഒഴുകുക. 13ന് വൈകിട്ടാണ് ആറാട്ട്. ഭാർഗവരാമനാൽ നിശ്ചയിക്കപ്പെട്ട ക്ഷേത്രാചാരമനുസരിച്ച് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ടുകുളത്തിലാണ് നടക്കുക. ആറാട്ടുകഴിഞ്ഞ് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ നടക്കും. 14 നാണ് പ്രശസ്തമായ മുക്കുടി നിവേദ്യം. 

വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ദിവസം വൈകിട്ട് നടന്ന കാഴ്ചശ്രീ ബലി. പാറന്നൂർ നന്ദൻ തിടമ്പേറ്റിയ എഴുന്നള്ളിപ്പിൽ 10 ഗജവീരന്മാർ അകമ്പടിയായി