🔴 BREAKING..

കോട്ടയം-കുമരകം-വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി: കരട് റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം-കുമരകം-വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി: കരട് റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം: എൻ.എച്ച്. 183 നേയും എൻ.എച്ച്. 66 നേയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. ദേശീയ പാത വിഭാഗത്തിലെയും മറ്റ് ഗതാഗത, ടൂറിസം രംഗത്തുമുള്ള വിദഗ്ധൻമാരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയ കരട് റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിക്ക് എം.പി കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം 90,000 പി.സി.യു കടന്നിരിക്കുന്നതിന്നാൽ പുതിയ റോഡ് നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മറുപടിയായി എം.പി.യെ അറിയിച്ചു.

എൻ.എച്ച്. 183 ലെ എം.സി.റോഡിലെ കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരം, കുമരകം, കവണാ റ്റിൻകര, കൈപ്പുഴമുട്ട്, തലയാഴം, വൈക്കം, ഉദയനാപുരം, ചെമ്പ്, പൂത്തോട്ട, നടക്കാവ്, തൃപ്പൂണിത്തുറ വഴി അങ്കമാലി-കുണ്ടന്നൂർ ബൈപാസിൽ ചേരുന്ന വിധത്തിലുള്ള റോഡാണ് കരട് റിപ്പോർട്ടിൽ ഉള്ളത്. 60 കിലോ മീറ്ററാണ് റോഡിന്റെ ദൂരം. കോട്ടയത്ത് നിന്ന് തലയോലപറമ്പ് പൂത്തോട്ട വഴിയും കാഞ്ഞിരമറ്റം വഴിയും തൃപ്പൂണിത്തുറയിൽ എത്താൻ 75 കിലോമീറ്റർ ദൂരമാണ് ഉള്ളത്. തിരക്കുള്ള സമയത്ത് ഇത്രയും ദൂരം യാത്ര ചെയ്യാൻ രണ്ടര മണിക്കൂറോളം സമയം എടുക്കും. പുതിയ റോഡ് ഉണ്ടായാൽ ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ റോഡ് പൂർണ്ണമായും പാടശേഖരങ്ങളിലൂടെയും അവികസിതമേഖലകളിലൂടെയും കൂടി കടന്നു പോകുന്നതിനാൽ സ്ഥലം ഏറ്റെടുക്കൽ എളുപ്പത്തിൽ സാധിക്കും. പുതിയ റോഡ് വികസന രംഗത്ത് പിന്നോക്കമായ വൈക്കം വഴി കടന്ന് പോകുന്നതിനാൽ ഈ പ്രദേശത്തിന് എറണാകുളത്തിന്റെ ഒരു ഉപഗ്രഹ നഗരമായി വികസിക്കുവാനും പുരോഗതി കൈവരിക്കുവാനും സാധിക്കുന്ന് അദ്ദേഹം പറഞ്ഞു. റോഡ് കടന്നു പോകുന്ന സ്ഥലങ്ങൾ കയറ്റിറക്കങ്ങൾ ഇല്ലാത്ത പ്രദേശമായതിനാൽ നിരപ്പായ റോഡ് നിർമ്മിക്കാൻ സാധിക്കും. കൃഷിയും നീരൊഴുക്കുമുള്ള സ്ഥലങ്ങളിൽ ഉയരപ്പാതയാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്.ആയതിനാൽ കൃഷിക്ക് തടസ്സമുണ്ടാകില്ല. വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഇല്ല. എറണാകുളത്തേക്ക് എത്രയും വേഗം എത്തിച്ചേരുന്ന വിധത്തിൽ റോഡ് നിർമ്മിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി മധ്യ കേരളത്തിലെ ഗതാഗത,വ്യാപാര, വ്യവസായ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തത്തിന് ഇടയാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനം തിട്ട ജില്ലകളിലെ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുള്ള വിവിധ സ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ യാത്രാ ചെയ്യാനും ഇതിലൂടെ സാധിക്കും.

ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ള ആളുകൾക്ക് സുഗമമായി യാത്രാ ചെയ്യുവാനും ഈ ഇടനാഴി സഹായിക്കും. കാഞ്ഞിരം, മലരിക്കൽ,വെട്ടിക്കാട് എന്നീ ഉൾനാടൻ ടൂറിസത്തിന് പ്രസക്തിയേറുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.