കൊട്ടതട്ടിമലയിലെ മണ്ണെടുപ്പിന് സ്‌റ്റോപ്പ് മെമ്മോ
എസ്. സതീഷ് കുമാർ
വൈക്കം: വൈക്കം താലൂക്കിലെ ഞീഴൂർ തിരുവമ്പാടി കൊട്ടതട്ടിമലയിലെ മണ്ണെടുപ്പിന് സ്‌റ്റോപ്പ് മെമ്മോ. ചരിത്ര ഭൂമിയായ ഭൂതപാണ്ടൻ ചിറക്കും പഞ്ചായത്തിൻ്റെ കുടിവെള്ള പദ്ധതികൾക്കും ഭീഷണി ഉയർത്തി മണ്ണ് മാഫിയ കുന്നിടിക്കാൻ തുടങ്ങിയത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധ സമരസമിതി അംഗവും സമീപവാസിയുമായ സി.എസ്.അജിമോൻ നൽകിയ പരാതിയിലാണ് ജിയോളജി വകുപ്പിൻ്റെ സ്‌റ്റോപ്പ് മെമ്മോ. തിരുവമ്പാടി സ്വദേശിയുടെ സ്ഥലത്തെ റബർ മരങ്ങൾ വെട്ടിമാറ്റിയാണ് മണ്ണ് മാഫിയ കൊട്ടതട്ടി മല ഇടിച്ച് മണ്ണെടുപ്പ് തുടങ്ങിയത്. ഇതോടെ സമീപത്തെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകുന്ന സ്ഥിതിയും ചരിത്ര ശേഷിപ്പായ കൊട്ടതട്ടിമലയും സമീപത്തെ കുരിയാശിമലയും ഇല്ലാതാവുകയും ചിറ നിരപ്പിലെ വറ്റാത്ത ജല സ്ത്രോതസ് നശിക്കുകയും ചെയ്യുമെന്ന സ്ഥിതിയായെന്നാണ് പരാതി ഉയർന്നത്. പഞ്ചപാണ്ഡവർ വനവാസകാലത്ത് ഇവിടെ എത്തിയെന്നും ജലാശയമില്ലാതിരുന്ന ഇവിടെ പാണ്ഡവപത്നിയായ പാഞ്ചാലിക്ക് കുളിക്കാൻ നിർമ്മിച്ച കുളമാണ് വറ്റാത്ത ഇവിടുത്തെ ജല സ്ത്രോതസ് എന്നുമാണ് പറയപ്പെടുന്നത്. പാഞ്ചാലിക്ക് നീന്തിക്കുളിക്കാൻ ഒറ്റ രാത്രി കൊണ്ട് ഭൂതങ്ങളെ എത്തിച്ച് കുളവും ചിറയും നിർമ്മിച്ചതിനിടെ കുട്ടതട്ടിയപ്പോൾ മണ്ണ് വീണ് ഉണ്ടായതാണ് കൊട്ടതട്ടിമല എന്നും ഐതീഹ്യമുണ്ട്. ഈ അഞ്ച് ഏക്കറോളം വരുന്ന കുളവും ചിറയും നശിപ്പിക്കുന്ന മണ്ണ് മാഫിയക്കെതിരെയായിരുന്നു സമര സമിതി രംഗത്ത് വന്നത്.
സമരസമിതി ഭാരവാഹികൾ കോടതിയെ സമീപിച്ചപ്പോൾ മാഫിയ അനുമതിക്കായി ഹാജരാക്കിയ രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് സമരസമിതിയുടെ പരാതി. ഇതിനിടെ നിയമാനുസൃത അനുമതിയോടെ നടത്തിയ കുന്നിടിക്കൽ തടഞ്ഞവരെ പൊലീസ് തടയുകയും ചെയ്തിരുന്നു. എന്നാൽ കൃത്രിമ രേഖകൾ ഹാജരാക്കിയെന്ന പരാതിക്കാരുടെ ആക്ഷേപത്തെ തുടർന്നാണ് താൽക്കാലിക സ്റ്റോപ്പ് മെമ്മോ നൽകി വിശദീകരണം തേടിയിരിക്കുന്നത്. കൃത്രിമ രേഖകൾ ചമച്ചാണ് നിയമപരമായി കുന്നിടിക്കാൻ അനുമതി നേടിയതെന്നും നാട്ടുകാർ പറയുന്നു. ഇതിൽ പരിശോധന നടത്തി വിശദീകരണം തേടാനാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മൊ നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.