ക്ഷേത്രനഗരിക്ക് സുവർണ്ണശോഭ പകർന്ന് എൻ.എസ്.എസ് സാംസ്കാരിക ഘോഷയാത്ര

വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹ സമര ചരിത്രത്തിലെ തിളക്കമാർന്ന ഏടായ സവർണ്ണ ജാഥ നയിച്ച മന്നത്ത് പദ്മനാഭൻ്റെ സ്മരണകൾ ജ്വലിച്ച് ക്ഷേത്രനഗരി. നവോത്ഥാന ഭൂമിയുടെ രാജവീഥികളെ സ്വർണ്ണവർണ്ണമണിയിച്ച് എൻ.എസ്.എസിന്റെ ശക്തി വിളിച്ചറിയിച്ച സാംസ്കാരിക ഘോഷയാത്ര. വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു നടന്ന മഹാ സമ്മേളന ഘോഷയാത്രയിൽ യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽ നിന്നും 25000 ത്തോളം അംഗങ്ങൾ പങ്കെടുത്തു. മേഖലകളിൽ നിന്നും വന്ന അംഗങ്ങൾ വൈക്കം വലിയ കവലയിൽ സംഗമിച്ചതോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. വലിയ കവലയിലെ മന്നം പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന ഘോഷയാത്രക്ക് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട്, വൈസ് ചെയർമാൻ വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, എസ്. മുരുകേശ്, പി.എൻ. രാധാകൃഷ്ണൻ, എസ് മധു, അനിൽകുമാർ ആര്യപ്പള്ളിൽ, എൻ.ജി. ബാലചന്ദ്രൻ, ബി. ജയകുമാർ, എസ്.യു. കൃഷ്ണകുമാർ എൻ. മധു, രാധിക ശ്യം, കെ. ജയലക്ഷമി, കെ.ബി. ഗിരിജകുമാരി, മീര മോഹൻദാസ് എന്നിവർ നേതൃത്വം നല്കി. വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, വെച്ചൂർ കല്ലറ, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, വെള്ളൂർ, തലയോലപ്പറമ്പ് മേഖലകൾ ഘോഷയാത്രയിൽ അണിചേർന്നു. ഘോഷയാത്രയുടെ മുമ്പിൽ അനൗൺസ്മെന്റ് വാഹനവും പഞ്ചവാദ്യവും അതിന് പിന്നിലായി യൂണിയൻ ഭാരവാഹികളും അണിനിരന്നു. വടക്കേ നട, പടിഞ്ഞാറെ നട, കച്ചേരി കവല ബോട്ട് ജട്ടി വഴി ബീച്ചു മൈതാനിയിൽ പ്രവേശിച്ച ഘോഷയാത്രക്ക് വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും, കലാരൂപങ്ങളും നിലക്കാവടികളും അകമ്പടിയായി.

സാംസ്കാരിക ഘോഷയാത്ര ബീച്ച് മൈതാനിയിൽ പ്രവേശിച്ചതോടെ മഹാസമ്മേളനം ആരംഭിച്ചു. എൻ.എസ്.എസ്. വൈസ് പ്രസിഡൻ്റ് എം. സംഗിത്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ,രജിസ്ട്രാർ വി.വി.ശശിധരൻ നായർ, കോട്ടയം യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ , കൊച്ചി യൂണിയൻ പ്രസിഡൻ്റ് ഡോ.എൻ.സി. ഉണ്ണികൃഷ്ണൻ, മീനച്ചിൽ യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ, വൈക്കം വനിതാ യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി, യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ. ആർ. നായർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനവും സോവനീറിന്റെ പ്രകാശനവും നടന്നു.