|
Loading Weather...
Follow Us:
BREAKING

കഥകളി ഇന്ന്: ഇനിയും തട്ടൊരുങ്ങിയില്ല

കഥകളി ഇന്ന്: ഇനിയും തട്ടൊരുങ്ങിയില്ല
കഥകളി വേദി കഴിഞ്ഞ വർഷം (ഫയൽ ചിത്രം)

എസ്. സതീഷ്കുമാർ

വൈക്കം: അഷ്ടമിയുടെ ഭാഗമായി ഇന്ന് രാത്രി ക്ഷേത്രത്തിൽ നടക്കേണ്ട കഥകളിക്ക് വേദിയൊരുക്കാതെ ക്ഷേത്രം അധികൃതർ. ഊട്ടുപുരയുടെ കിഴക്കേ അറ്റത്ത് സ്ഥലപരിമിതിയുള്ള സ്ഥിരം കഥകളി തട്ടിനോട് ചേർന്ന് താൽക്കാലിക തട്ടൊരുക്കിയാണ് കഥകളി അരങ്ങേറാറുള്ളത്. എന്നാൽ ഇത്തവണ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കിയില്ലെന്നാണ് പരാതി. മഴ പെയ്താൽ നനയാതിരിക്കാൻ പന്തലും ഒരുക്കാതെയാണ് ബോർഡിൻ്റെ അവഗണന. നിലവിലെ വേദിയോട് ചേർന്ന് തട്ട് ഒരുക്കിയാൽ മാത്രമെ സൗകര്യപ്രദമായി കഥകളി നടത്താനാവൂ എന്ന് കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ പറഞ്ഞു. ഇത് ദേവസ്വം അധികാരികളെ അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെ ചെറിയ വേദിയിൽ കഥകളി അവതരിപ്പിക്കാൻ  മേളക്കാർക്കും കലാകാരൻമാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ്. നിലവിലെ വേദിയോട് ചേർന്നാണ് വഴിപാട് കൗണ്ടറുകളടക്കം പ്രവർത്തിക്കുന്നത്.

0:00
/0:29

വൈക്കം ക്ഷേത്രത്തിലെ സ്ഥിരം കഥകളിത്തട്ടിൻ്റെ ഇന്ന് രാവിലത്തെ സ്ഥിതി

വേദിയുടെ പടിഞ്ഞാറ് ഭാഗത്ത് തട്ടിട്ട് വേദിയിൽ സൗകര്യമൊരുക്കിയില്ലെങ്കിൽ ആറ് കലാകരൻമാർ ഒരുമിച്ച് വരുന്ന പുറപ്പാട് നടത്താനും ബുദ്ധിമുട്ടേണ്ടിവരും. മാത്രമല്ല വയോധികരായ കഥകളി  കലാകാരൻമാർക്കും വേദിയിൽ ആടാൻ പ്രയാസമുണ്ടാവുന്ന സ്ഥിതിയാണ്. ഇന്നും നാളെയും രാത്രിയാണ് അഷ്ടമി ദിനങ്ങളിലെ കഥകളി നടക്കേണ്ടത്. ഇന്ന് നടക്കേണ്ട ദക്ഷയാഗം കഥകളി അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ട് ചെണ്ടക്കാരും, രണ്ട് മദ്ദളക്കാരും രണ്ട് പാട്ടുകാരും നിരന്ന് കഴിഞ്ഞാൽ ഏഴ് വേഷങ്ങൾ ഒരുമിച്ച് വരുന്ന ദക്ഷയാഗം നിലവിലെ വേദിയിൽ അവതരിപ്പിക്കാനാവില്ല. നാളെ നിഴൽകുത്ത്, കിരാതം അവതരിപ്പിക്കാനും പിന്നണിക്കാർക്കൊപ്പം അഞ്ച് വേഷങ്ങൾ ഒരുമിച്ച് വേദിയിലെത്തണം. ക്ഷേത്രത്തിലെ നിലവിലെ വേദി കഥകളി ആസ്വാദകർക്കും സൗകര്യപ്രദമായ നിലയിലല്ലെന്നും കഥകളിയുടെ വേദി മാറ്റണമെന്നും കഴിഞ്ഞ വർഷം തന്നെ ആവശ്യമുയർന്നിരുന്നു. നിലവിലെ വേദിയിൽ കഥകളി നടത്താൻ കഴിയാത്ത സാഹചര്യം ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി. ജയകുമാറിനെ അറിയിച്ചതായി പള്ളിപ്പുറം സുനിൽ വൈക്കം വാർത്തയോട് പറഞ്ഞു.