കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
വൈക്കം: ചെമ്മനത്തുകര 1173 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടത്തിയ കുലവാഴ പുറപ്പാട് ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളും, കൊടിമരഭാഗങ്ങളും, കെട്ടി അലങ്കരിക്കാനുള്ള നാളികേരക്കുലകളും, കട്ടിമാലകളും, വാഴക്കുലകളും അലങ്കരിച്ച വാഹനത്തില്‍ ആര്‍ഭാടപൂര്‍വ്വം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴപുറപ്പാട്. കരിമ്പൂഴിക്കാട് ദേവി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുലവാഴപുറപ്പാട് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. വൈകിട്ട് ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം അലങ്കാര സാധനങ്ങള്‍ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിനുള്ള കൊടിക്കയര്‍ കെ.വി. തങ്കപ്പന്റെ വസതിയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ പുറപ്പെട്ട് വൈകിട്ട് ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു.
കുലവാഴപുറപ്പാടിന് പ്രസിഡന്റ് എം.വി. രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി. നായര്‍, ട്രഷറര്‍ പി.സി. ശ്രീകാന്ത്, വി.പി. വിജയകുമാര്‍, പി.ജി. വിനോദ് കുമാര്‍, അനൂപ് ആര്‍. നായര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.