കുട്ടിക്കളിയായല്ല കുട്ടിക്കൂട്ടം എത്തിയത്
എസ്. സതീഷ്കുമാർ
തലയോലപറമ്പ്: കുട്ടികൂട്ടം ഇന്ന് തലയോലപറമ്പ് പോസ്റ്റോഫിസിൽ എത്തിയത് എന്തിനാന്ന് അറിഞ്ഞാൽ ആരും തെല്ലൊന്നമ്പരക്കും. അറിയേണ്ടെ?
തെറ്റിയില്ല നഴ്സറി കുട്ടികളടക്കമുള്ള 180 പേരുടെ കുട്ടികൂട്ടത്തെ പോസ്റ്റോഫിസിൽ കണ്ടപ്പോൾ ജീവനക്കാരും നാട്ടാരും ആദ്യം
തെല്ലൊന്നമ്പരന്നു. കുഞ്ഞുങ്ങൾക്ക് തപാലാഫീസിൽ എന്തുകാര്യം എന്ന് ചോദിക്കണ്ട. എഴുത്ത് എഴുതാനും, കവറിൽ ഇട്ട് സ്റ്റാമ്പ് വാങ്ങി ഒട്ടിക്കാനും അയക്കാനുമെല്ലാം അവർ പഠിച്ചു കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വിവര കൈമാറ്റം സാധ്യമായ കാലത്ത് പോയകാലത്തെ കത്തെഴുത്തും പോസ്റ്റ് ചെയ്യലും കുഞ്ഞു തലമുറയും പഠിച്ചു കഴിഞ്ഞു. തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കുഞ്ഞുങ്ങളാണ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിൽ ഇങ്ങനെ ഇതിനായി എത്തിയത്. അല്ലാതെ കുട്ടികളിയായി വെറുതെ പോസ്റ്റോഫീസ് കാണാനല്ല. സ്വയം കളറടിച്ച് തയ്യാറാക്കിയ ക്രിസ്മസ് കത്തുകളുമായിട്ടായിരുന്ന കുട്ടി കൂട്ടത്തിൻ്റെ ഈ വരവ്. എല്ലാരും നിരയായി നിന്ന് അഞ്ചു രൂപയുടെ സ്റ്റാമ്പ് പോസ്റ്റ് മാസ്റ്ററോട് ചോദിച്ചു വാങ്ങി. പശയെടുത്ത് ആശംസാകാർഡിട്ട കവർ ഒട്ടിച്ചു. പിന്നെ അവർ തന്നെ അത് തപാൽ പെട്ടിയിലും ഇട്ടു. ഇനി അത് ആർക്കാണ് അയച്ചത് എന്ന് ചോദിച്ചാലോ. സ്വന്തം മാതാപിതാക്കൾക്കാണ് ഈ ക്രിസ്തുമസ് ആശംസകളുടെ പോസ്റ്റിംഗ്. സെന്റ് ജോർജ് സ്കൂളിലെ നഴ്സറി മുതൽ രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന 180 കുട്ടികളാണ് പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ആശംസാ കാർഡുകൾ ഇങ്ങനെ സ്വയം തയ്യാറാക്കി അയച്ചത്. തലയോലപ്പറമ്പ് പോസ്റ്റ് മാസ്റ്റർ ദിവ്യയുടെ നേതൃത്വത്തിൽ ജീവനക്കാർ കുട്ടികളെയും ഒപ്പം എത്തിയ അധ്യാപകരെയും ഹാർദ്ദമായി സ്വീകരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, അസി. മാനേജർ ഫാദർ ആൽജോ കളപുരക്കൽ, കിന്റെർഗാർട്ടൻ സൂപ്പർവൈസർ സിസ്റ്റർ ഡയസ് ഫ്രാൻസിസ്, ഹെഡ് മിസ്ട്രെസ് ആഷാ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എല്ലാവരും മറന്ന് തുടങ്ങുന്ന നമ്മുടെ പഴകാല കത്ത് എഴുത്തിനും ഈ തപാൽപ്പെട്ടിലെ നിക്ഷേപത്തിനും കുട്ടികൾക്ക് നേതൃത്വമായത്.