മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ് രണ്ട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിക്കേറ്റു

വൈക്കം: വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നഗരസഭയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി എത്തിയ ഹരിത കർമ്മ സേന അംഗങ്ങൾക്ക് മുകളിലേക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ് രണ്ട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിക്കേറ്റു. വൈക്കം തെക്കേനട ഏഴുപുറത്തറ വീട്ടിൽ രേഖ സജി, മുരിങ്ങോത്ത് വീട്ടിൽ അനീഷ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ശേഖരിച്ച മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ അടയ്ക്കുന്നതിനിടെ പൊടുന്നനെ ഡോർ ഇവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. കാലപ്പഴക്കം ചെന്ന ഡോർ പുനസ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ നഗരസഭാധികൃതർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ നഗരസഭ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഗ്രിൽ ഡോർ വീണ് ഇരുവർക്കും കാലിനും കൈക്കും തലയ്ക്കും പരിക്കേറ്റു. തുടർന്ന് ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൂടുതൽ ചികിത്സയ്ക്കായി രേഖ സജിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്തു നശിച്ച നിലയിലാണ്. കയറും കെട്ടുകമ്പിയുമുൾപ്പെടെ ഉപയോഗിച്ചാണ് പല ഭാഗങ്ങളും നിലനിർത്തിയിരിക്കുന്നത്. നഗരസഭ ഉപേക്ഷിച്ച് അനാഥമായി കിടക്കുന്ന മാലിന്യ കേന്ദ്രത്തിൽ നിന്ന് നിരവധി സാധനങ്ങൾ പലപ്പോഴായി മോഷണം പോകുന്നതായും നാട്ടുകാർ പറയുന്നു.