ഓണവിളവെടുപ്പ് സമയത്ത് മഴക്കെടുതി: മറവന്തുരുത്തിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
വൈക്കം: മഴയിൽ തോടുകൾ കരകവിഞ്ഞു, കൃഷിയിടത്തിൽ വെള്ളം കയറി മറവന്തുരുത്തിൽ പാവൽ, മത്തൻ കൃഷികൾ മുങ്ങി നശിച്ചു.
വൈക്കം: മഴയിൽ തോടുകൾ കരകവിഞ്ഞു, കൃഷിയിടത്തിൽ വെള്ളം കയറി മറവന്തുരുത്തിൽ പാവൽ, മത്തൻ കൃഷികൾ മുങ്ങി നശിച്ചു. മറവൻതുരുത്ത് കുലശേഖരമംഗലം കൊടുപ്പാടത്ത് രണ്ട് കർഷകർ നടത്തിയ പാട്ട കൃഷിയാണ് വിളവെടുപ്പ് തുടങ്ങിയ സമയത്ത് വെള്ളം കയറി നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് 64 സെൻ്റ് സ്ഥലത്ത് മത്തനും 20 സെൻ്റ് പുരയിടത്തിൽ പാവൽ കൃഷിയുമാണ് ഇവർ നടത്തിയിരുന്നത്.
വിളവെടുപ്പ് തുടങ്ങി ദിവസങ്ങൾക്കകം മഴ കനത്ത് തോടുകൾ കരകവിഞ്ഞ് കൃഷിയിടം മുങ്ങുകയായിരുന്നു മുവാറ്റുപുഴയാറുമായും വേമ്പനാട്ടു കായലുമായും ബന്ധപ്പെട്ട് ഒഴുകുന്ന പ്രദേശത്തെ തോടുകൾ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് നീരൊഴുക്ക് നിലച്ചതിനാൽ പെയ്ത്ത് വെള്ളം ഇറങ്ങിപ്പോകാൻ മാർഗമില്ലാതായതാണ് കൃഷി വെള്ളത്തിലാകാൻ കാരണമെന്ന് കർഷകർ പറയുന്നു. ഇവരുടെ മൂന്നര ഏക്കറിൽ നടത്തിയ 750 ചുവട് കപ്പകൃഷിയും മുപ്പെത്തുന്നതിന് മുമ്പ് വെള്ളം കയറി നശിച്ചിരുന്നു.

കൃഷിയിടങ്ങളുമായി ബന്ധപ്പെട്ട തോടുകൾ ആഴംകൂട്ടി ഗ്രാമീണ മേഖലയിൽ കൃഷി നടത്താൻ സാഹചര്യ മൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. വ്യാപക കൃഷിനാശം വൻ ബാധ്യതയാണ് ഈ കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്.
Comments ()