മേളപ്പെരുമഴയായി പെരുവനം
ആർ. സുരേഷ് ബാബു
വൈക്കം: പെരുവനം പെരുമഴയായി പെയ്തിതിറങ്ങി. പതി കാലത്തിൽ വൈക്കത്തപ്പന്റെ തിരുനടയിൽ തുടങ്ങിയ പഞ്ചാരി ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവട്ടിൽ എത്തി അഞ്ചാം കാലത്തിൽ ചെമ്പടയിൽ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ ഒൻപതാം ഉത്സവ നാളിൽ കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ തിരുമറയൂർ ഗിരിജൻ മാരാർ, കലാപീഠം കുറ്റുവേലി അജിത് കുമാർ, കലാപീഠം ഉണ്ണികൃഷ്ണ വാര്യർ, കലാപീഠം ആനിക്കാട് അനിൽകുമാർ, കലാപീഠം സംജിത് സാജൻ, പെരുവനം അനിൽ കുമാർ, പാണാവള്ളി ബാബു, പാഞ്ഞൂർ രാഹുൽ, പള്ളിപ്പുറം ജയൻ, തിരുവാങ്കുളം രഞ്ചു, പെരുവനം കുട്ടി, കലാപീഠം രവിപുരം ജയൻ വാര്യർ, കലാപീഠം വട്ടക്കാവ് കണ്ണൻ തുടങ്ങിയ നൂറിലധികം കലാകാരന്മാർ ഒരുക്കിയ പഞ്ചാരിമേളം നാടിന് ആവേശമായി. എഴുന്നള്ളിപ്പിന് ഗജവീരൻ നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റി. 12 ഗജവീരൻമാർ അകമ്പടിയായി. സ്വർണ്ണതലേക്കെട്ട്, സ്വർണ്ണക്കുട, വർണക്കുട, ആലവട്ടം വെൺചാമരം, സായുധ സേന തുടങ്ങിയവ എഴുന്നള്ളിപ്പിന് മോടി കൂട്ടി. കുടമാറ്റവും നടന്നു.