|
Loading Weather...
Follow Us:
BREAKING

മഹാദേവ സന്നിധിയിൽ നാളെ ദേവസംഗമം

മഹാദേവ സന്നിധിയിൽ നാളെ ദേവസംഗമം

ആർ. സുരേഷ് ബാബു

വൈക്കം: മഹാദേവ സന്നിധിയിൽ നാളെ അഷ്ടമി വിളക്ക് നടക്കും. അഷ്ടമി വിളക്കിനായി ക്ഷേത്രത്തിലേക്ക് എത്തുന്ന ദേവീ ദേവന്മാർ

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കത്തഷ്ടമി വിളക്കിനായി രാത്രി 10ന് ശേഷം എഴുന്നള്ളി അസുര നിഗ്രഹത്തിന് പോയ പുത്രനായ ഉദയനാപുരത്തപ്പന്റെ വരവ് പ്രതീഷിച്ച് പൂജാദി കർമ്മങ്ങളിൽ നിന്നും വിമുഖനായി ഉപവാസത്തോടെ ആർഭാടങ്ങൾ ഒഴിവാക്കി കിഴക്കേ ആന പന്തലിൽ നിൽക്കും.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്നു. താരകാസുര നിഗ്രഹത്തിന് ശേഷം വിജയ ശ്രീലാളിതനായി സർവ്വാഭരണ വിഭൂഷിതനായ ഉദയനാപുരത്തപ്പന്റെ വൈക്കം ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാത്രി 10 ന് ആരംഭിക്കും. കൂട്ടുമ്മേൽ ഭഗവതിയോടപ്പം തെക്കേ ഗോപുരം ഇറങ്ങുമ്പോൾ അവിടെ എത്തുന്ന ശ്രീനാരായണപുരം ദേവനു മായി ചേർന്ന് വൈക്കം വലിയ കവലയിൽ എത്തും. അലങ്കാര ഗോപുരം, കൊച്ചാലും ചുവട്, വടക്കേ നട എന്നിവിടങ്ങളിലെ വരവേൽപ്പ് ഏറ്റുവാങ്ങി ടി.വി പുരത്തു നിന്നും വരുന്ന ശ്രീരാമ സ്വാമിയുടെ എഴുന്നള്ളിപ്പുമായി ചേർന്ന് വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും

മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഏകദേശം 5 കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ദേശദേവതയും മഹാദേവൻ്റെ പുത്രിയുമായ മൂത്തേടത്തുകാവിലമ്മ രാത്രി 8 ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുറപ്പെടും. ഇണ്ടംതുരുത്തിൽ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് മുൻ വശം വച്ച് ഇണ്ടം തുരുത്തിൽ ദേവിയുമായി ഒന്നിച്ച് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടും. തെക്കെ നടയിലെ ശാസ്ത ക്ഷേത്രത്തിലെ ഇറക്കിയെഴുന്നള്ളിപ്പിന് ശേഷം അലങ്കാര പന്തലിലെ വരവേൽപ് ഏറ്റുവാങ്ങി തെക്കെ ഗോപുര നടയിലെത്തി പുഴവായി കുളങ്ങര, കിഴക്കുംകാവ് എന്നിവിടങ്ങളിലെ എഴുന്നള്ളിപ്പുകളുമായി ചേർന്ന് തെക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രം

ഉദയനാപുരം ക്ഷേത്രത്തിന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം. വൈകിട്ട് 4 ന് പുറപ്പെട്ട് ദീപാരാധനക്ക് മുമ്പായി ഉദയനാപുരം ക്ഷേത്രത്തിലെത്തും. രാത്രി 10 ന് ഉദയനാപുരത്തപ്പനോടപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

ഇണ്ടം തുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രം

വൈക്കം മഹാദേവക്ഷേത്രത്തിന് ഏകദേശം 500 മീറ്റർ തെക്കു മാറി തോട്ടുവക്കത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. രാത്രി 9 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളുന്ന ദേവി മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ചേർന്ന് തെക്കെ നടയിലെ വരവേൽപ്പ് ഏറ്റുവാങ്ങി തെക്കെ ഗോപുര നടയിലെത്തി പുഴവായി കുളങ്ങര, കിഴക്കും കാവ് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുമായി യോജിച്ച് തെക്കെ ഗോപുരനടയിലുടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

ശ്രീ നാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രം

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിന് ഏകദേശം 500 മീറ്റർ തെക്കു-പടിഞ്ഞാറു ഭാഗത്തായാണ് ക്ഷേത്രം. വൈകിട്ട് 6 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് പുറപ്പെടും. 7 ന് ചാത്തൻ കുടി ക്ഷേത്രത്തിൽ ഇറക്കിയെഴുന്നള്ളിപ്പ്. രാത്രി 10 ന് ശേഷം ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കെടയിൽ എത്തിചേർന്ന് ഉദയനാപുരത്തപ്പനോടും കൂട്ടുമ്മേൽ ഭഗവതിയോടുമൊപ്പം ചേർന്ന് വിവിധ ഭാഗങ്ങളിൽ നൽകുന്ന വരവേൽപ്പ് സ്വീകരിച്ച് വൈക്കം ക്ഷേത്രത്തിന്റെ വടക്കെ ഗോപുരം വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഏകദേശം ഒന്നര കിലോമീറ്റർ തെക്ക് കിഴക്കു ഭാഗത്തായാണ് ക്ഷേത്രം. അഷ്ടമി നാളിൽ രാത്രി 9.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറപ്പെടും. മുരിയൻ കുളങ്ങരയിൽ എത്തി അവിടെ എത്തുന്ന കിഴക്കും കാവ് ഭഗവതിയുമായി ചേർന്ന് തെക്കെ നടയിലെത്തി മൂത്തേടത്ത് കാവ്, ഇണ്ടം തുരുത്തി ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുമായി സംഗമിച്ച് തെക്കെ ഗോപുരം വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

കിഴക്കും കാവ് ദുർഗ്ഗ ഭഗവതി ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിന് ഏകദേശം ഒരു കിലോമീറ്റർ കിഴക്കുഭാഗത്ത് ആറാട്ടുകുളങ്ങരയിലാണ് കിഴക്കും കാവ് ദുർഗ്ഗ ഭഗവതി ക്ഷേത്രം. അഷ്ടമി നാളിൽ രാത്രി 10 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടും. മുരിയൻ കുളങ്ങരയിൽ വച്ച് അവിടെയെത്തി ചേരുന്ന പുഴവായി കുളങ്ങര ക്ഷേത്രത്തിലെ എഴുനള്ളിപ്പുമായി ചേർന്ന് തെക്കേ നടയിൽ എത്തി മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രം, ഇണ്ടംതുരുത്തിൽ ദേവി ക്ഷേത്രം നിന്നും വരുന്ന എഴുന്നള്ളിപ്പുകളുമായി സംഗമിച്ച് തെക്കെ ഗോപുര നടയിലുടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

ടി.വി.പുരം ശ്രീരാമ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഏകദേശം 5 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ക്ഷേത്രം. രാത്രി 8 ന് ശേഷം നാദസ്വരം, ചെണ്ടമേളം എന്നിവയോടെ പുറപ്പെട്ട് പള്ളിപ്രത്ത്ശ്ശേരി പെരുമശ്ശേരി ക്ഷേത്രത്തിലെ ഇറക്കിയെഴുന്നള്ളിപ്പിന് ശേഷം കച്ചേരി കവല പടിഞ്ഞാറെ ഗോപുരം വഴി വടക്കേ നടയിലെത്തി ഉദയനാപുരം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി സംഗമിച്ച് വടക്കേ ഗോപുരം വഴി വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.