മറവൻതുരുത്തിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
തലയോലപ്പറമ്പ്: ശക്തമായ മഴയിൽ മറവൻതുരുത്തിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ഇടവട്ടം ചിറേക്കടവിൽ തൈപ്പടവിൽ ടി.എസ്. മധുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ഒരടി വീതമുള്ള 12 റിങ്ങുകളും പൂർണമായും ഭൂമിയിലേക്ക് താഴ്ന്ന പോയി. ചൊവ്വാഴ്ച രാവിലെ വീട്ടുകാർ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോഴാണ് കിണർ താഴ്ന്നത് ശ്രദ്ധയിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതിനാൽ പുറത്തുനിന്ന് ശബ്ദം ഒന്നും കേട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. രണ്ട് പതിറ്റാണ്ടായി ഉപയോഗിച്ചിരുന്ന കിണറാണിത്. റിംഗ് ഇടിഞ്ഞ് കിണറ്റിൽ വീണതോടെ വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന പൈപ്പും പൊട്ടി നശിച്ചു. കിണർ ഇടിഞ്ഞു താഴാനുണ്ടായ കാരണം വ്യക്തമല്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.