മുതിർന്നവരോടൊപ്പം ഒരു പകൽ -'സുകൃതം കല്പകം'

വൈക്കം: മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടും ഒപ്പം ഒരു പകൽ ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ. സ്കൂളിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന 'സുകൃതം കല്പകം' പരിപാടി മുതിർന്ന തലമുറയുടെയും പുതു തലമുറയുടെയും സംഗമമായി. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരും, പ്രദേശത്തെ മുതിർന്ന പൗരന്മാരും ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ മുതിർന്നവരെയും പൊന്നാട അണിയിച്ചും തെങ്ങിൻ തൈ നൽകിയും ആദരിച്ചത് വേറിട്ട അനുഭവമായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ലേഖ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ. ശശികല, എച്ച്.എം. ഇൻ ചാർജ് വി.എസ്. ഗ്രേഷ്മ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. സ്വപ്ന, പി.ടി എ. പ്രസിഡന്റ് മദന ദാസ്, എസ്.എം.സി. ചെയർമാൻ പി. സുമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.