മൂത്തേടത്തുകാവിൽ വടക്കുപുറത്ത് ദേശഗുരുതിയുടെ ഒരുക്കങ്ങൾ തുടങ്ങി
ആർ. സുരേഷ്ബാബു
വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ വടക്കുപുറത്ത് ദേശഗുരുതി ഫെബ്രുവരി 6 നാണ്. ഈ മാസം 27 ന് രാവിലെ 10 ന് തെക്കേനട ഇണ്ടംതുരുത്തിൽ ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും തന്ത്രി മോനാട്ടുമന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേശഗുരുതിയുടെ കാൽനാട്ടിനുള്ള വൃക്ഷം മുറിച്ച് എഴുന്നളിച്ച് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിക്കും. വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വൈകിട്ട്5 ന് മൂത്തേടത്തുകാവിൽ എത്തുന്നതോടെ കാൽ നാട്ടും. കാൽ നാട്ടിയ വൃക്ഷത്തിന് മുന്നിൽ ഗുരുതി തീരുന്നത് വരെ വിളക്ക് തെളിയിക്കും. 28 മുതൽ ചടങ്ങുകൾ സമാപിക്കുന്നതുവരെ രാവിലെ 8ന് പന്തീരായിരം പുഷ്പാഞ്ജലി, വൈകിട്ട് 7 ന് നേതൃത്വത്തിൽ തെക്കുപുറത്ത് ഗുരുതി, 8 ന് തീയാട്ട് എന്നിവ നടത്തും. 64 ഖണ്ഡങ്ങൾ വീതം നാലു തടങ്ങൾ ചേർത്താണ് വടക്കു പുറത്ത് ഗുരുതിക്കായി തടം ഒരുക്കുന്നത്. ഗുരുതിയുടെ ഭാഗമായി 12 ദിവസം പുഷ്പാഭിഷേകം, താലപ്പൊലി, വിൽപ്പാട്ട്, വടക്കുപുറത്ത് പാട്ട് എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.