|
Loading Weather...
Follow Us:
BREAKING

നാടിന് വിരുന്നായി നസ്രാണി രുചി പെരുമ

നാടിന് വിരുന്നായി നസ്രാണി രുചി പെരുമ

തലയോലപ്പറമ്പ്: നൂറിലേറെ കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങളും, പലഹാരങ്ങളും, പരമ്പരാഗത സംഗീതവും മാർഗം കളിയും, വേഷ പകർച്ചകളുമായി നസ്രാണി രുചി പെരുമ തലയോലപ്പറമ്പിൽ വേറിട്ട രുചി വിരുന്നായി. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫയർ സർവീസസിന്റെ നേതൃത്വത്തിലാണ് രുചിപ്പെരുമ അരങ്ങേറിയത് .

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പാരിഷ് ഹാളിൽ വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.എൽ.സി അംഗങ്ങൾ അവതരിപ്പിച്ച മാർഗം കളി, തലയോലപ്പറമ്പ് പള്ളി ഗായക സംഘം അവതരിപ്പിച്ച പൗരാണിക ഗാനങ്ങൾ എന്നിവയുമുണ്ടായിരുന്നു. ഇടവകയിലെ വനിതകൾ ഒരുക്കിയ രുചിപ്പെരുമ പരേഡ് പരിപാടിയുടെ മുഖ്യ ഇനമായിരുന്നു.

വിമൻ വെൽഫയർ സർവീസസ് പ്രസിഡന്റ്‌ ലൗസി തോമസ്, ബിനി സിബി എന്നിവർ പ്രസംഗിച്ചു. വീടുകളിൽ അമ്മമാർ തയ്യാറാക്കിയ നൂറിലേറെ വിഭവങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു. കപ്പയും ഇറച്ചിയും, പിടിയും കോഴിയും, കപ്പയും മീനും, തേങ്ങാപ്പാൽ കപ്പ, ചെണ്ട കപ്പ - കാന്താരി, തൈര് കഞ്ഞി, അപ്പം-ബീഫ് സ്റ്റൂ, താറാവ് മപ്പാസ്, പാൽച്ചോറ്, മുളയരി പായസം, വാട്ടക്കപ്പ ഉലർത്ത് - ചുട്ട മീൻ, കുമ്പിളപ്പം, ഓട്ടട, വട്ടയപ്പം, കൽത്തപ്പം, കിണ്ണത്തപ്പം, ചുരുട്ട്, ഉണ്ണിയപ്പം, കുഞ്ഞു നെയ്യപ്പം, നെയ്യപ്പം, ഈന്തപ്പഴം പൊരിച്ചത് മുത്താറിയട, ഇലയട, കപ്പ അട, ചോളം അട, ചക്കയട, ഉണക്ക ചക്കയട, ഗോതമ്പ് അട, തവിടുണ്ട, അവലു വിളയിച്ചത്, അരിയുണ്ട, തമുക്ക്, കപ്പ മുറുക്ക്, അരി മുറുക്ക്, ചക്ക ഉണക്കി വറുത്തത്, ചക്ക ഉപ്പേരി, മുത്താറി കുറുക്ക്, ഏത്തയ്ക്കാ കുറുക്ക്, കപ്പ ഉതിര്, കുഴലപ്പം, ഉരുളിയപ്പം, റവ ഉണ്ട, അരിയുണ്ട, മുളയരി പുട്ട്, ഗോതമ്പ് പുട്ട്, ഈന്തങ്ങ പുട്ട്, വെള്ളക്കപ്പ പുട്ട്, മുത്താറി പുട്ട്, ഉണക്ക ചക്ക പുട്ട്, ചോള പുട്ട്, കൊഴുക്കട്ട, കൂവപ്പൊടി കുറുക്ക്, അവൽ നനച്ചത്, ചക്കവരട്ടി, ചക്ക വറുത്തത്, ചക്കക്കുരു അവലോസ്, ചക്കക്കുരു ഉണ്ട, ചക്കക്കുരു വറുത്തത്, ഗോതമ്പ് അട, ചെറുപയർ പുഴുങ്ങിയത്, മുതിര വിളയിച്ചത്, അവൽ വിളയിച്ചത്, അവലോസുപൊടി, അവലുണ്ട, ഗോതമ്പ് ഉണ്ട, പൊരിയുണ്ട, മുത്താറി ഉണ്ട, കപ്പപ്പൊടി ഉണ്ട, പഴം ബോണ്ട, ചീപ്പപ്പം, പഴം ചിപ്സ്, ചേന വറുത്തത്, കുഴലപ്പം, അച്ചപ്പം, ചീട, പരിപ്പുവട, പക്കാവട, ഉപ്പേരി, പൂവൻപഴം ഉണങ്ങിയത്, ചെറുപഴം ഉണങ്ങിയത്, കപ്പ അവലോസ്, വാട്ടു കപ്പ അവലോസ്, കപ്പ വറുത്തത്, കടലപ്പൊടി ചിപ്സ്, കടലമാവ് മുറുക്ക്, അവലോസുണ്ട, മിച്ചർ, പപ്പടം ബോളി, ചിപ്സ്, എള്ളുണ്ട കറുപ്പ്, എള്ളുണ്ട വെളുത്തത്, ചക്കര വരട്ടി, കപ്പ കോന്തി, പഴം ബോളി, കുഴലപ്പം, പഴം ഉണങ്ങിയത്, അരിമുറുക്ക് എന്നിങ്ങനെ ലിസ്റ്റ് വളരെ നീണ്ടതാണ്.
ഗാർഹിക യൂണിറ്റുകളിൽ തയ്യാറാക്കിയ ഉണക്ക ഇറച്ചി, ഇടി ഇറച്ചി, ഇറച്ചി അച്ചാർ, മീൻ അച്ചാർ, റാഗി, തിന, ചാമ, കുതിര വാലി- പുട്ട് പൊടികൾ, നുറുക്ക് ഗോതമ്പ്, കൂവപ്പൊടി, പനമ്പൊടി, കുടംപുളി, വാളമ്പുളി, തേൻ, തുടങ്ങിയ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമായിരുന്നു.

അസിസ്റ്റന്റ് വികാരി ഫാ. ആൽജോ കളപ്പുരക്കൽ, കൈക്കാരന്മാരായ റിൻസൻ ചാക്കോ, കെ.ടി തങ്കച്ചൻ, കേന്ദ്രസമിതി ഉപാധ്യക്ഷൻ ഇമ്മാനുവേൽ അരയത്തേൽ എന്നിവർ നേതൃത്വം നൽകി.