നാട്ടരചന്റെ ദേവതാരാധനയുടെ നേര്‍ക്കാഴ്‌ചയായി ഒരു വാഗ്‌ദേവതാക്ഷേത്രം

വൈക്കം: തലമുറകളുടെ നാവില്‍ ആദ്യാക്ഷരമെഴുതിയ ഒരു പവിത്രമോതിരം. പിന്നെ നാട്ടരചന്റെ ദേവതാരാധനയുടെ നേര്‍ക്കാഴ്‌ചയായി ഒരു വാഗ്‌ദേവതാക്ഷേത്രം. ആചാരത്തനിമയുടേയും ഐതീഹ്യപെരുമയുടേയും നിറവില്‍ വടക്കുംകൂര്‍ മൂകാംബികാ സരസ്വതീക്ഷേത്രം വിദ്യാരംഭത്തിനൊരുങ്ങി.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെമ്പലനാട് വാണിരുന്ന വടക്കുംകൂര്‍ രാജവംശത്തിന്റെ പ്രതാപകാലത്തിന്റെ മങ്ങാത്ത ഓര്‍മ്മകളുടെ തിരുശേഷിപ്പുകളിൽ ഒന്നാണ് വടക്കൂംകൂര്‍ മൂകാംബികാ സരസ്വതീക്ഷേത്രം. രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രവും. രാജപരമ്പരയില്‍ മൂകാംബികാദേവിയുടെ ഭക്തനായ ഒരു രാജാവിന് കർണ്ണാടകയിലെ അംബാവനത്തിലെ കുടജാദ്രിയിൽ ധ്യാനമിരിക്കവേ ദേവീദര്‍ശനം ഉണ്ടാകുകയും കുടുംബപരദേവതയായി ഒപ്പം വരാമെന്ന് ദേവി അരുളിച്ചെയ്‌തെന്നുമാണ് ഐതീഹ്യം. ഇത് അനുസരിച്ച് കൊട്ടാരത്തിന് സമീപം ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്‌ഠ നടത്തിയത്.
വടക്കുംകൂര്‍ രാജ്യം പിന്നീട് തിരുവിതാംകൂറിൽ ലയിച്ച ശേഷം നിലവിലുളള ക്ഷേത്രം രാജകുടുംബാംഗമായ രാജരാജവര്‍മ്മയാണ് പണികഴിപ്പിച്ചത്. വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കവിതിലകന്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ എഴുത്തുപുരമാളിക ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. നവരാത്രിയാണ് പ്രധാന ഉത്സവം. വിജയദശമി നാളിലെ വിദ്യാരംഭം ഇവിടെ പ്രധാനമാണ്. പണ്ടുകാലത്ത് വടക്കുംകൂര്‍ രാജരാജവര്‍മ്മ തന്റെ പവിത്രമോതിരം കൊണ്ടാണ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചിരുന്നത്. അദ്ദേഹത്തിന്റെ അതേ മോതിരം തന്നെയാണ് പിന്‍മുറക്കാര്‍ ഇപ്പോഴും വിദ്യാരംഭത്തിനായി ഇവിടെ ഉപയോഗിച്ചു പോരുന്നത്.