|
Loading Weather...
Follow Us:
BREAKING

നായർ മഹാസമ്മേളനം സെപ്തംബർ 13 ന്

നായർ മഹാസമ്മേളനം സെപ്തംബർ 13 ന്

വൈക്കം: വൈക്കത്ത് 13 ന് നടക്കുന്ന നായർ മഹാസമ്മേളനം സമുദായ ഐക്യത്തിന്റെയും മുന്നേറ്റത്തിന്റെയും പ്രതീകമാകുമെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ പി.ജി. എം. നായർ കാരിക്കോട് പറഞ്ഞു. ആചാര്യൻ മന്നത്ത് പദ്മനാഭൻ സവർണ്ണ ജാഥ നയിച്ച നവോത്ഥാന ഭൂമിയിൽ  അരങ്ങേറുന്ന നായർ മഹാസമ്മേളനം, ഒരു ഒത്തുചേരൽ എന്നതിലുപരി സമുദായത്തിന്റെ ഐക്യത്തിനും, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും, ഭാവിയിലേക്കുള്ള ദിശാബോധം നൽകുന്നതിനുമുള്ള സുപ്രധാന വേദിയായിരിക്കും. വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന  മഹാസമ്മേളനം, അംഗങ്ങൾക്കിടയിൽ സാഹോദര്യവും സഹകരണവും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിടുന്നു. വൈക്കം നായർ മഹാസമ്മേളനം നിരവധി ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളെയും കുടുംബങ്ങളെയും ഒരുമിപ്പിച്ചുനിർത്തുക, അവർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. സമുദായം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം ഈ സമ്മേളനം ഓർമ്മിപ്പിക്കുന്നു. പുതുതലമുറയ്ക്ക് സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് അറിവ് പകർന്നു നൽകുക, തനത് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക, സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയും സമ്മേളനത്തിന്റെ ഭാഗമാണ്. സമുദായാംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനത്തിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുക, സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക. സമുദായം നേരിടുന്ന സാമ്പത്തികമായ വെല്ലുവിളികൾ, സാമൂഹിക വിഷയങ്ങളിലുള്ള സംഘടനയുടെ നിലപാടുകൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അംഗങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയവയെല്ലാം ഇതിൻ്റെ ലക്ഷ്യങ്ങളാണ്. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സംഘടിച്ച് ശക്തരാവുക എന്ന ആഹ്വാനം പ്രാവർത്തികമാക്കുന്ന വേദിയായി മാറും വൈക്കം നായർ മഹാസമ്മേളനം. മന്നത്ത് പത്മനാഭൻ കേരളീയ പൊതു സമൂഹത്തിന് നൽകിയിട്ടുള്ള വിലപ്പെട്ട സേവനങ്ങളെ പുതുതലമുറക്ക് പകർന്ന് നൽകുവാനുള്ള അവസരം കൂടിയാണ് ഈ സമ്മേളനം. ഒരു വർഷമായി 'മന്നം നവോത്ഥാന സൂര്യൻ' എന്ന ബൃഹദ് പരിപാടി നടന്ന് വരികയായിരുന്നു. യൂണിയൻ്റെ നവതി ആഘോഷങ്ങളുടെ ആരംഭം കുറിക്കുന്നത് കൂടിയാണ് ഈ സമ്മേളനം. കേവലം ആഘോഷങ്ങൾക്ക് പുറമേ വരും തലമുറയ്ക്ക് ദിശാബോധം നൽകാനും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജരാകാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. വൈക്കത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ സമുദായത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും നായർ മഹാസമ്മേളനം നൽകുന്ന സംഭാവന വളരെ വലുതാണെന്ന് പി.ജി.എം. നായർ പറഞ്ഞു. ഉച്ചക്ക് 2 മണിയോടെ വലിയ കവലയിലെ മന്നം പ്രതിമാ കോമ്പൗണ്ടിൽ നിന്ന് പ്രകടനം ആരംഭിക്കും. യൂണിയനിലെ 14 മേഖലയിലെ അംഗങ്ങൾ ഇതിൽ അണിചേരും. പ്രകടനം സമ്മേളന നഗരിയിൽ 3 മണിയോടെ എത്തിച്ചേരും. തുടർന്ന് നായർ മഹാസമ്മേളനം നടക്കും.