നേരേകടവ് കരിയില്‍ ഓര്‍ശ്ലേം പള്ളി റോഡ് തകർന്നു: പ്രദേശ വാസികൾ ദുരിതത്തിൽ
വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ 15, 16 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന നേരേകടവ് - കരിയില്‍ - ഓര്‍ശ്ലം പള്ളി റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത സാഹചര്യം പ്രദേശ വാസികളെ വിഷമത്തിലാക്കി. തീരദേശ വാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക യാത്ര സൗകര്യമാണിത്. റോഡ് തകര്‍ന്നതോടെ സ്‌കൂള്‍ ബസ്സുകളും ഇതുവഴി കടന്നപോകാത്തത് മൂലം വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടിലാണ്. രോഗികളെ കൊണ്ടു പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും വരാത്ത സാഹചര്യമാണ്. താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്കും താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേക്കും പോയി വരാന്‍ മാര്‍ഗ്ഗം ഇല്ലാതായി. ദീര്‍ഘകാലമായി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കാട് കയറിയ നിലയിലാണ്. റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികള്‍ക്കും പലതവണ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാകാത്ത സ്ഥിതിയാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. വേമ്പനാട്ടുകായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഉല്‍പ്പന്നങ്ങൾ വിപണന മേഖലകളില്‍ എത്തിക്കാന്‍ കഴിയാത്തത് മത്സ്യതൊഴിലാളികളെയും സാരമായി ബാധിച്ചു. റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.